World

നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഇന്‍സൈറ്റ് യാത്ര തിരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഇന്‍സൈറ്റ് യാത്ര തിരിച്ചു.പസഫിക് സമയം പുലര്‍ച്ചെ 4.05നു കാലഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്ന് അറ്റ്‌ലസ് 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ആറുമാസത്തിനു ശേഷം നവംബര്‍ 26ന് പേടകം ചൊവ്വയിലെത്തും. ചൊവ്വയുടെ ആന്തരികഘടന പഠിക്കുകയാണു പേടകത്തിന്റെ ലക്ഷ്യം. ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ഇന്‍സൈറ്റ്. ചൊവ്വയിലെ ഭൂചലനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്‍സൈറ്റ് ശേഖരിക്കും. 2030ല്‍ ചൊവ്വയിലേക്കു യാത്രികരെ അയക്കാനുള്ള പദ്ധതിക്കു മുമ്പായി ഗ്രഹത്തിലെ ഭൂകമ്പസാധ്യത സംബന്ധിച്ച വിശദാംശങ്ങള്‍ തേടാനും നാസ ഇന്‍സൈറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി ചൊവ്വയുടെ അന്തര്‍ഭാഗത്തുണ്ടാവുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തും.
ലാന്‍ഡറിലുള്ള പ്രധാന ഉപകരണമായ ഭൂകമ്പമാപിനി ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയാണു നിര്‍മിച്ചത്. ചൊവ്വയില്‍ പേടകം ഇറങ്ങിയതിനു ശേഷം റോബോട്ടിക് കൈകളുടെ സഹായത്താലാണ് ഭൂകമ്പമാപിനിയെ പ്രതലത്തിലേക്ക് എടുത്തുവയ്ക്കുക.ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെ എത്രമാത്രം ചൂടേറിയതാണെന്നു പരിശോധിക്കാനുള്ള സെല്‍ഫ് ഹാമറിങ് പ്രോബ് ആണ് ലാന്‍ഡറിലെ രണ്ടാമത്തെ പ്രധാന ഉപകരണം. പോളിഷ്, ജര്‍മന്‍ ഏജന്‍സികള്‍ സംയുക്തമായാണ് ഈ ഉപകരണം തയ്യാറാക്കിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നു 16 വരെ അടി താഴേക്കു കുഴിക്കാനുള്ള ശേഷിയും ഉപകരണത്തിനുണ്ട്.
2016ല്‍ ഇന്‍സൈറ്റ് വിക്ഷേപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ചൊവ്വയുടെ പ്രതലത്തിലെ ചൂടില്‍ ഉപകരണങ്ങള്‍ക്കു കുഴപ്പങ്ങളുണ്ടാവുമെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നു നീട്ടിവയ്ക്കുകയായിരുന്നു. 2012ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ പേടകം ചൊവ്വയിലേക്കെത്തുന്നത്. എന്നാല്‍ ക്യൂരിയോസിറ്റിയില്‍ നിന്നു വ്യത്യസ്തമായി ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബോട്ടിക് ലാന്‍ഡര്‍ എന്ന പ്രത്യേകത ഇന്‍സൈറ്റിനുണ്ട്.
Next Story

RELATED STORIES

Share it