നാഷനല്‍ ഹെറാള്‍ഡ് കേസ്; മൂന്നാം ദിനവും രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നാരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യസഭ സ്തംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ നിലയുറപ്പിച്ച കോണ്‍ഗ്രസ് അംഗങ്ങളെ അനുനയിപ്പിക്കാന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെന്നൈ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെയും പോളാവരം പദ്ധതിക്കെതിരെ ബിജെഡിയും പ്രതിഷേധിച്ചു.
അതിനിടെ, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും എതിരേ ബിജെപി എംപി വിരേന്ദര്‍ സിങ് നടത്തിയ പരാമര്‍ശത്തിനെതിരേയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. തുടര്‍ന്ന് ഈ വിഷയം ഉന്നയിച്ച് പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചതിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നു വാക്കൗട്ട് നടത്തി. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും വാക്കൗട്ട് നടത്തി. വിരേന്ദര്‍ സിങിനെ സസ്‌പെന്റ് ചെയ്തില്ലെങ്കില്‍ സഭയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പറഞ്ഞ ഖാര്‍ഗെ, സിങ് മാപ്പു പറയാത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞു.
ബുധനാഴ്ച സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ ബിജെപി എംപി വിരേന്ദ്ര സിങ് മാപ്പു പറയണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. സിങിന്റെ പരാമര്‍ശം തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ സുമിത്ര മഹാജന്‍, അദ്ദേഹത്തിനു താക്കീത് നല്‍കി.
സിങിന്റെ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതു സഭാനടപടികളില്‍ നീക്കം ചെയ്തു എന്നും തെറ്റാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തതിനാല്‍ മാപ്പു പറയാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്റെ നിലപാട്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നു സിപിഎം എംപി മുഹമ്മദ് സലിം ചൂണ്ടികാട്ടി.
സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നു കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി.
Next Story

RELATED STORIES

Share it