നാഷനല്‍ ഹെറാള്‍ഡ് കേസ:് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട നാഷനല്‍ ഹെറാള്‍ഡ് കേസിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. കേസിനു പിന്നില്‍ രാഷ്ട്രീയമായ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസില്‍ തനിക്കെതിരായ വിധിപറയാന്‍ നിങ്ങള്‍ക്കു വിട്ടുതരുന്നുവെന്നായിരുന്നു പാര്‍ലമെന്റില്‍ സോണിയാഗാന്ധിയുടെ പ്രതികരണം. ഇന്നലെ ഇരുസഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവന്‍ സമയവും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലായിരുന്നു. പ്രതിഷേധത്തിന്റെ കാരണമെന്തെന്നു വ്യക്തമാക്കണമെന്ന് സഭാധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധം തുടര്‍ന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിരവധി തവണ നിര്‍ത്തിവച്ചു. രാജ്യസഭ 12.30നു മുമ്പ് മൂന്നു തവണയാണു നിര്‍ത്തിവച്ചത്. ബിജെപി പ്രതിപക്ഷത്തിനെതിരേ നിയമവിരുദ്ധമായ വൃത്തിക്കെട്ട തന്ത്രങ്ങളാണു പ്രയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകളില്‍ പ്രധാനമന്ത്രിയും ബിജെപിയും നിയമത്തിന്റെ മീതെയാണെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം സിബിഐ കൂട്ടിലടച്ച തത്തയായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
ഇന്നലെ സഭ ആരംഭിച്ച ഉടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വിഷയത്തില്‍ സംസാരിക്കാന്‍ അനുവാദം തരാമെന്നും എന്നാല്‍, നിങ്ങളുടെ പ്രശ്‌നം എന്താണെന്നു വ്യക്തമാക്കണമെന്നും ലോക്‌സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആവശ്യപ്പെട്ടു. എന്തിനെതിരായാണ് നിങ്ങളുടെ പാര്‍ട്ടി പ്രതിഷേധിക്കുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സ്പീക്കര്‍ ചോദിച്ചു. എന്നാല്‍, കാര്‍ഗെ ആ ചോദ്യത്തോടു പ്രതികരിച്ചില്ല. കാര്‍ഗെയുടെ അടുത്തായി സോണിയാഗാന്ധിയും ഇരിപ്പുണ്ടായിരുന്നു. ഏകാധിപത്യം തുലയട്ടെ, പ്രതികാര രാഷ്ട്രീയം വിലപ്പോവില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു നടക്കുന്നത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ താന്‍ ചോദ്യം ചെയ്യുന്നത് പ്രതികാര രാഷ്ട്രിയത്തിലൂടെ അവസാനിപ്പിക്കാനാവുമെന്നാണ് കേന്ദ്രം കരുതുന്നതെന്നും ഇതു നടക്കാന്‍ പോവുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇന്നലെ പാര്‍ലമെന്റിനു പുറത്ത് സോണിയയുടെ പ്രതികരണം. ഇന്ദിരാഗാന്ധിയുടെ മരുമകളാണു താനെന്നും താന്‍ ഒരാളെയും പേടിക്കില്ലെന്നും സോണിയ പറഞ്ഞു.
അതേസമയം, ഹെറാള്‍ഡ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ ഒരു ബനാനാ റിപബ്ലിക്ക് അല്ലെന്നും സോണിയയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാവണമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു നടക്കുന്നത് രാഷ്ട്രീയ പ്രതികാരമാണെന്ന കോണ്‍ഗ്രസ്സിന്റെ വാദം ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി തള്ളി. കേസ് കോടതിയുടെ പരിഗണനയിലുള്ളതാണെും ഇതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി കൂടിയായ റൂഡിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it