നാഷനല്‍ മെഡിക്കല്‍ ബില്ലിനെതിരേ രണ്ടാംഘട്ട പ്രതിഷേധംഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: നാഷനല്‍ മെഡിക്കല്‍ ബില്ല് (എന്‍എംസി) നടപ്പാക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരപരിപാടികള്‍ ആരംഭിക്കുന്നു. ഇന്നു നടക്കുന്ന ദേശവ്യാപക സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ നോ എന്‍എംസി ഡേ ആചരിക്കും. ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും.
അത്യാഹിത വിഭാഗം, കിടത്തിച്ചികില്‍സ, ഇന്റന്‍സീവ് കെയര്‍ യൂനിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്‌കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മറും സെക്രട്ടറി ഡോ. എന്‍ സുല്‍ഫിയും അറിയിച്ചു.
നാഷനല്‍ മെഡിക്കല്‍ ബില്ല് നടപ്പാക്കുന്നതോടെ ജനാധിപത്യപരമായി പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണനിര്‍വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന നാഷനല്‍ മെഡിക്കല്‍ ബില്ല് വന്‍ അഴിമതിക്കു വഴിവയ്ക്കും. കൂടാതെ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കാനുള്ള നടപടി രാജ്യത്തെ ആരോഗ്യമേഖലയ്ക്കു തന്നെ വന്‍ തിരിച്ചടിയാവും. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാഷനല്‍ മെഡിക്കല്‍ ബില്ല് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് അന്നു ബില്ല് മരവിപ്പിച്ചിരുന്നു.
എന്നാല്‍, വീണ്ടും ബില്ല് ലോക്‌സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ടുപോവുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്‌ടേഴ്‌സ് അസോസിയേഷന്റെ (എഐഎഫ്ജിഡിഎ) നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനമായി ആചരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും ഇതില്‍ പങ്കുചേരും. ഐഎംഎയുടെ പ്രതിഷേധത്തിന് കെജിഎംഒഎ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it