നാവരിയുന്നവരോട്: ഇതു നിങ്ങള്‍ക്കും ബാധകം

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക

ഈ കോളത്തില്‍ തേജസ് ദിനപത്രത്തെ കുറിച്ചുതന്നെ എഴുതേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആദ്യമേ പറയട്ടെ. നാട്ടിലെ സാധാരണ മനുഷ്യര്‍ നേരിടുന്ന നിരവധി അവകാശനിഷേധങ്ങള്‍ ഈ കോളത്തിലൂടെ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്നിത് എഴുതുമ്പോള്‍ ആശങ്ക മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. തേജസ് ജീവനക്കാരായ നിരവധി പേരുടെ ആധിപൂണ്ട മുഖങ്ങള്‍ മനസ്സില്‍ തിങ്ങിനിറയുന്നു. ആറേഴു പേര്‍ അടങ്ങുന്ന കുടുംബങ്ങളുടെ അത്താണിയായിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെട്ടതിന്റെ നടുക്കം വാക്കുകളിലൂടെ പകരാന്‍ ഞാന്‍ അശക്തയാണ്.
ഫാഷിസം പിടിമുറുക്കുന്ന കാലത്തോട് ചെറുത്തുനില്‍ക്കാനുള്ള നാക്ക് പിഴുതെടുക്കപ്പെട്ടതിന്റെയും ഇടം നഷ്ടപ്പെട്ടതിന്റെയും വേദനയുണ്ട്. ഉറച്ച രാഷ്ട്രീയ നിലപാട് എടുത്തതിന്റെ പേരില്‍ മാത്രം ഈ പത്രം പുറത്തിറങ്ങേണ്ടതില്ലെന്നു തീരുമാനിച്ച സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രത്തിലെ സംഘപരിവാര സര്‍ക്കാരും പ്രകടിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധത തന്നെയാണ്.
അധികാരത്തിന്റെ ശീതളിമയില്‍ കഴിയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷേ, ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ട്. കേരളവും സംഘപരിവാരത്തിന്റെ കൊടി പറത്താനുള്ള രഥയാത്രയ്ക്ക് ഒരുങ്ങുകയാണ്. എല്‍ കെ അഡ്വാനി 90കളില്‍ നടത്തിയ രഥയാത്ര കേരളത്തിന്റെ മണ്ണില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ബിജെപി നടത്തുമ്പോള്‍ സംഘപരിവാരത്തിന്റെ ചിറകിനടിയിലേക്ക് കേരളവും ഒതുങ്ങാന്‍ പോവുകയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ത്രിപുരയിലെ സിപിഎം മുഖപത്രം അടച്ചുപൂട്ടേണ്ടിവന്നത് ആഴ്ചകള്‍ക്കു മുമ്പാണ്. നിങ്ങള്‍ നാവരിയുന്നതുപോലെത്തന്നെ നിങ്ങളുടെയും നാവുകള്‍ പിഴുതുമാറ്റപ്പെടുന്ന നാളുകളാണിത്. പക്ഷേ, ചരിത്രത്തില്‍ നിന്നും സമകാലിക യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒന്നും പഠിക്കില്ലെന്നത് സിപിഎമ്മിന്റെ മാത്രം സവിശേഷതയാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഒട്ടനവധി പോരാട്ടങ്ങള്‍ നടത്തി വിജയം വരിച്ചവരുടെ നാടാണിത്. നമ്മള്‍ മലയാളികള്‍ വളരെ അഭിമാനത്തോടെ തന്നെയാണിത് ഇതുവരെ പറഞ്ഞുപോന്നിട്ടുള്ളതും. എന്നാല്‍, കേരളത്തില്‍ വളരെ പ്രചാരത്തിലിരിക്കുന്ന, 300ലധികം ജീവനക്കാരുള്ള തേജസ് ദിനപത്രം അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനുള്ള പ്രധാന കാരണം സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതാണെന്ന് മാനേജ്‌മെന്റ് തുറന്നു പറഞ്ഞിരിക്കുന്നു. 2010 മെയ് 14നു സര്‍ക്കാര്‍ പരസ്യം നിഷേധിച്ചപ്പോള്‍ തുടങ്ങിയതാണ് അതു നേടിയെടുക്കാനുള്ള പത്രമാനേജ്‌മെന്റിന്റെ പരിശ്രമങ്ങള്‍. ഇതിനകം അതിനായി മുട്ടാത്ത വാതിലുകളില്ല.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവച്ച പരസ്യനിഷേധം യുഡിഎഫ് സര്‍ക്കാര്‍ മാസങ്ങളോളം പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും പിന്നീട് പോലിസ് ഇന്റലിജന്‍സ് ഇടപെടല്‍ കാരണം ഉമ്മന്‍ചാണ്ടി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷവും നിരവധി തവണ മാനേജ്‌മെന്റും എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയനും ശ്രമം നടത്തിയെങ്കിലും ജനാധിപത്യവിരുദ്ധവും നിഷേധാത്മകവുമായ നിലപാട് സര്‍ക്കാര്‍ തുടരുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പരസ്യം നിഷേധിക്കുന്നതിനു പ്രേരിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പരസ്യമില്ലാത്തത് മറ്റ് പരസ്യങ്ങളും ഇല്ലാതാവുന്നതിലേക്ക് നയിച്ചു എന്നതാണ് മറ്റൊരു വസ്തുത.
എന്തായാലും, സര്‍ക്കാരിന്റെ കടുംപിടിത്തത്തിനു മുന്നില്‍ തേജസ് ദിനപത്രത്തിനു പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നിരിക്കുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ-സാംസ്‌കാരിക നിലപാടിന്റെ പേരില്‍ വേട്ടയാടപ്പെട്ട് പ്രസിദ്ധീകരണം അവസാനിപ്പിച്ച സ്വദേശാഭിമാനിയുടെയും കേസരിയുടെയും പരമ്പരയിലാണ് തേജസിന്റെയും സ്ഥാനം. സ്വദേശാഭിമാനിയും കേസരിയും രാജവാഴ്ചക്കാലത്തെ ഉദാഹരണങ്ങളാണെങ്കില്‍ തേജസിന്റേത് ഇന്ത്യാ റിപബ്ലിക്കിലെ ജനാധിപത്യകാലത്തെ അനുഭവമാണ്. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ഒരു പത്രത്തിനു പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നതിന്റെ പിറകിലെ അധികാരപ്രയോഗങ്ങളും ജനാധിപത്യവിരുദ്ധതയും കേരളം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്നത് ഖേദകരമാണ്. ജീവനക്കാരുടെ തൊഴില്‍പ്രശ്‌നത്തെ അവഗണിച്ച സര്‍ക്കാരും തൊഴില്‍മന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ി
Next Story

RELATED STORIES

Share it