ernakulam local

നാളെ മുതല്‍ യൂബര്‍ ഓഫിസിനു മുന്‍പില്‍ കുടില്‍കെട്ടി സമരം: സംയുക്തസമരസമിതി

കൊച്ചി: ജൂണ്‍ 19 മുതല്‍ ആരംഭിച്ച പണിമുടക്ക് സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തി ല്‍ നാളെ മുതല്‍ എറണാകുളം ഗാന്ധിനഗറിലെ യൂബര്‍ ഓഫിസിനുമുമ്പില്‍ രാവിലെ 10 മണിക്ക് കുടില്‍കെട്ടിസമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കളായ ടി സി സുബ്രഹ്മണ്യന്‍, ഒ അഭിലാഷ്,ജി ദാസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, വിലസൂചികയുടെ അടിസ്ഥാനത്തില്‍ സേവനവേതനവ്യവസ്ഥകള്‍ പുനര്‍ നിര്‍ണ്ണയിക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാലസമരം നടത്തിയിട്ടും ചര്‍ച്ചയ്ക്കുപോലും സന്നദ്ധമാവാതെ, ചര്‍ച്ചയ്ക്ക് മധ്യസ്ഥതവഹിക്കാന്‍ തയാറായ പോലിസ് ഉദ്യോഗസ്ഥരെപ്പോലും കബളിപ്പിച്ച് യൂബര്‍ മാനേജ്‌മെന്റ് തങ്ങള്‍ക്ക് നിയമം ബാധകമല്ലെന്ന നിലപാട് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
ജൂണ്‍ 19 മുതല്‍ എറണാകുളം ജില്ലയിലെ യൂബെര്‍ ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ അനിശ്ചതകാലത്തേക്ക് പണിമുടക്കുന്ന വിവരം അറിയിച്ച് യൂബര്‍ മാനേജ്‌മെന്റിന് പണിമുടക്ക് നോട്ടീസ് നല്‍കുകയുണ്ടായി.
നാലു മാസങ്ങള്‍ക്ക് മുമ്പ് ട്രേഡ് യൂനിയനുകള്‍ നല്‍കിയ ഡിമാന്റ് നോട്ടീസിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ചര്‍ച്ച നടത്താത്തതിനാല്‍ 19-06-2018 മുതല്‍ 4000 ത്തോളം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
23-06-2018 ല്‍ എറണാകുളം എസിപി സംയുക്ത യൂനിയന്‍ പ്രതിനിധികളെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ചയ്ക്ക് വിളിക്കുകയും 29-06-2018 ല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ എസിപിയുടെ ഓഫിസില്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം സമരം പിന്‍വലിക്കുകയുണ്ടായി.
എന്നാല്‍ 29-06-2018 ല്‍ യൂബര്‍ മാനേജ്‌മെന്റും എസിപിയും ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുക്കാതെ തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അപ്പോയ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ അവരുമായി സംസാരിക്കുകയും ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അടിയന്തിര ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.
ഗതാഗത വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് 12-06-2018 ല്‍ നല്‍കിയ കത്ത് പ്രകാരവും ഇതുവരെ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുകയുണ്ടായില്ല.
4000 ത്തോളം തൊഴിലാളികള്‍ കടക്കെണി മൂലം ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ തൊഴില്‍മേഖലയില്‍ പണിയെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കണമെന്നും യൂബര്‍ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it