Gulf

നാളെ ദേശീയ ദിനം; രാജ്യമൊട്ടാകെ ആഘോഷത്തിമര്‍പ്പില്‍

ദോഹ: ദേശീയ ദിനത്തിനു ഒരു ദിനം ബാക്കിനില്‍ക്കെ രാജ്യമൊട്ടാകെ ആഘോഷത്തിമര്‍പ്പില്‍. ഒഴിവുദിനമായ വെള്ളിയാഴ്ച ദേശീയ ദിനം വന്നതിനാല്‍ പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പ്രത്യേക ആഘോഷ പരിപാടികള്‍ ഇന്ന് വൈകീട്ട് സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് നാലിടങ്ങളിലായാണ് പ്രവാസികള്‍ക്ക് ഗംഭീര പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത കമ്യൂണിറ്റികളിലെ താരങ്ങള്‍ പങ്കെടുക്കുന്ന കലാ പരിപാടികള്‍ പ്രവാസി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാകും.
അതേസമയം, നാളെ രാവിലെ നടക്കുന്ന സൈനിക പരേഡിനും വെടിക്കെട്ടിനും കോര്‍ണിഷ് പൂര്‍ണമായി ഒരുങ്ങി. കത്താറയില്‍ 43 ഇനത്തിലുള്ള പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്. ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് സൂഖ് വാഖിഫില്‍ സംഗീത വിരുന്നുനടക്കും. ഡിസംബര്‍ എട്ട് മുതല്‍ ദര്‍ബ്‌സാഇയില്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് ഇന്നും നാളെയുമായി മാറ്റുകൂടും. രാജ്യത്തെ വ്യത്യസ്ത ഗോത്രങ്ങളില്‍ പരമ്പരാഗതമായ പല ആഘോഷങ്ങളും അരങ്ങേറുന്നു. അല്‍മുതാവഅ ഗോത്രം വിപുലമായ രീതിയില്‍ ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ദഫ്‌നയില്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിക്ക് എതിര്‍വശത്തായി അല്‍കാഇനിലാണ് മുതാവഅയുടെ ആഘോഷ പരിപാടികള്‍ നടക്കുക. അല്‍മുഹാനദ ഗോത്രത്തിന്റെ പരിപാടികള്‍ അല്‍ഖോര്‍ കേന്ദ്രീകരിച്ച് നടക്കും. ആല്‍മഹ്മൂദ് ഗോത്രത്തിന്റെ ആഘോഷങ്ങള്‍ അല്‍രിഫാഅ് സ്ട്രീറ്റിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, വിവിധ രാജ്യങ്ങളിലെ ഖത്തര്‍ എംബസികള്‍ നേരത്തെ തന്നെ ദേശീയ ദിനാഘോഷത്തിനു തുടക്കമിട്ടിട്ടുണ്ട്. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍, സര്‍ക്കാരേതര വകുപ്പുകളും ദേശീയ ദിനത്തെ വരവേല്‍ക്കാനായി തയ്യാറായി.
Next Story

RELATED STORIES

Share it