ernakulam local

നാളെ ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥ: ജസ്റ്റിസ് സിറിയക് ജോസഫ്‌

കൊച്ചി: ഭിന്നാഭിപ്രായം പറയുന്നവര്‍ നാളെ ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയാണ് ഇന്നുള്ളതെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്ഡിസിഎ) സംഘടിപ്പിച്ച വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിവൃത്തികേടുകൊണ്ട് മറ്റ് മതങ്ങളെ സഹിക്കുകയല്ല ആദരിക്കലാണ് മതേതരത്വം. ക്രിയാത്മകമായും വിമര്‍ശനാത്മകമായും പ്രതികരിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. ജീവിക്കുന്നതിനൊപ്പം ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടായിരുന്നു കൃഷ്ണയ്യരുടേത്. മതേതരത്വത്തിന്റെ ഉദാത്ത മാതൃകയാണ് കൃഷ്ണയ്യര്‍ കാഴ്ചവെച്ചതെന്നും സിറിയക് ജോസഫ് പറഞ്ഞു.
മനുഷ്യന്‍ നേരിടുന്ന ദുരിതങ്ങളോട് അഗാധമായ അനുകമ്പ പുലര്‍ത്തിയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മനുഷ്യസ്‌നേഹമാണ് അദ്ദേഹത്തെ ചിരസ്മരണീയനാക്കിയതെന്ന് സമ്മേളനത്തില്‍ പ്രഫ. എം കെ സാനു പറഞ്ഞു.
സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് കൃഷ്ണയ്യര്‍ ഉയര്‍ത്തിപ്പിടിച്ച മതേതര സങ്കല്‍പ്പം സമാനതകളില്ലാത്തതാണെന്നും നിര്‍മലമായ മതേതരത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഫ്ഡിസിഎ ചെയര്‍മാന്‍ ജസ്റ്റിസ് കെ സുകുമാരന്‍ പറഞ്ഞു.
എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍,  ഡോ. ഇ വി രാമകൃഷ്ണന്‍, ഒ അബ്ദുറഹ്മാന്‍, എഫ്ഡിസിഎ സെക്രട്ടറി പ്രഫ. കെ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
കബീര്‍ ഹുസൈന്‍, സുഹൈല്‍ ഹാഷിം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എഫ്ഡിസിഎ വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ സമാപന സന്ദേശം നല്‍കി. സെക്രട്ടറി ടി കെ ഹുസൈന്‍, കെ കെ ബഷീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it