malappuram local

നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം



മലപ്പുറം: ജില്ലയുടെ സമുദ്രമേഖലയില്‍ നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടപ്പാക്കും. മല്‍സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലൊ ബേസ് ഓപറേഷനുകളിലൊ 14 അര്‍ധരാത്രിക്കകം നങ്കൂരമിടേണ്ടതാണ്. തുടര്‍ന്ന് ജൂലൈ 31ന് അര്‍ദ്ധരാത്രിക്ക് ശേഷമേ ഇവ കേന്ദ്രങ്ങള്‍ വിട്ടുപോവാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ അമീത് മീണയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അതേസമയം, മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വറുതിക്കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകട നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. നടപടികളുമായി മല്‍സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. രക്ഷാ പ്രവര്‍ത്തനത്തിനായി 65 അടി വലുപ്പവും 420 കുതിരശക്തിയുമുള്ള ഒരു ബോട്ടും നാല് മീറ്റര്‍ തീരത്തോട് അടുത്ത പ്രദേശങ്ങളിലും കായലുകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് രണ്ട് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ നാല് പോലിസുകാരെ മേഖലയില്‍ നിയോഗിക്കുന്നതാണ്. എസ്‌ഐ / എഎസ്‌ഐ റാങ്കിലുള്ള ഒരാളെ നോഡല്‍ ഓഫിസറായും നിയമിക്കും. ട്രോളര്‍ ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്നും ഐസ് പ്ലാന്റുകളില്‍നിന്ന് ഐസും നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാലാവസ്ഥ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 14, 15 തിയ്യതികളില്‍ മല്‍സ്യത്തൊഴിലാളികളെ ബോധവല്‍കരിക്കുന്നതിനായി നേവിയും കോസ്റ്റ് ഗാര്‍ഡും സൗജന്യ ബോധവല്‍കരണ ക്ലാസുകള്‍ നടത്തും. 14ന് രാവിലെ 10ന് പൊന്നാനിയിലും വൈകീട്ട് 2.30ന് കൂട്ടായിലും 15ന് ഒസോന്‍ കടപ്പുറത്തുമാണ് ബോധവല്‍കരണ ക്ലാസുകള്‍ നടത്തുക. ഇതിന് പുറമെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. ഫിഷറീസ് കണ്‍ട്രോള്‍ റൂം ഫോണ്‍ : 0494 2666428. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ നാരായണന്‍, ജോയിന്റ് ആര്‍ടിഒ കെ സതീഷ്‌കുമാര്‍, മല്‍സ്യഫെഡ് മാനേജര്‍ എ ശ്യാംസുന്ദര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it