നാളികേര വില ഉയരുന്നു; വിപണിയില്‍ വരവ് കുറഞ്ഞു

കോഴിക്കോട്: വെളിച്ചെണ്ണ, കൊപ്ര വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നാളികേരവില ഉയരുന്നു. 20ന് വെളിച്ചെണ്ണ ക്വിന്റലിന് 8500 രൂപ ഉണ്ടായിരുന്നത് ഇന്നലെ 8800ലെത്തുകയും ഇന്ന് 8900ലേക്ക് കടക്കുകയും ചെയ്തു.
അനുദിനം വില ഉയരുന്ന പ്രവണത ഇനിയും തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ ഉല്‍പന്നത്തിന്റെ വരവ് കുറഞ്ഞതാണ് വീണ്ടും വില കൂടാനിടയാക്കിയത്. പ്രധാന നാളികേരോല്‍പാദന സംസ്ഥാനങ്ങളില്‍ വേനല്‍ രൂക്ഷമാവുകയും കഠിനമായ വരള്‍ച്ച ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. 2016 - 17ലെ നാളികേരോല്‍പാദനം നിര്‍ണയിക്കാന്‍ നാളികേര വികസന ബോര്‍ഡ് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഉല്‍പാദനം 5 ശതമാനത്തോളം കുറയുമെന്ന് കണ്ടെത്തിയിരുന്നു. വേനല്‍ കടുത്തതോടെ കരിക്കിനും ആവശ്യകതയേറിയിട്ടുണ്ട്.
വലിയ തോതില്‍ ഉല്‍പന്നം വാങ്ങിയിരുന്നവര്‍ വിലയിടിക്കുന്നതിനായി വിപണിയില്‍ നിന്നു വിട്ടുനിന്നത് നാളികേര വിപണിയില്‍ തളര്‍ച്ചയ്ക്ക് കാരണയിരുന്നു. ദീര്‍ഘകാലം വിപണിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ തിരിച്ചുവരവ് അനിവാര്യമായിരിക്കും. ഇതും വിപണിക്ക് കൂടുതല്‍ ഉയര്‍ച്ച നല്‍കും. അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതി സാധ്യത വളരെ കുറവാണ്. കൂടാതെ 2016 തുടക്കം മുതല്‍ വെളിച്ചെണ്ണയുടെയും ഡഡിക്കേറ്റഡ് കോക്കനട്ടിന്റെയും കയറ്റുമതിയില്‍ പ്രകടമായ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
വിപണിയിലെ ഘടകങ്ങളെല്ലാം തന്നെ നാളികേര വില ഉയരുന്നതിന് അനുകൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വില ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക സംസ്‌കരണത്തിലൂടെ കൂടുതല്‍ കാലം ഉല്‍പന്നം സൂക്ഷിച്ചുവച്ച് പരമാവധി ലാഭം നേടാന്‍ കര്‍ഷകകൂട്ടായ്മകളും കര്‍ഷകരും നടപടിയെടുക്കണമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it