kannur local

നാളികേര വിലയിടിവ്; കര്‍ഷകര്‍ ദുരിതക്കയത്തില്‍

കണ്ണൂര്‍: നാളികേര സംഭരണവും കൊപ്രസംഭരണവും പാളുകയും വിലയിടിയുകയും ചെയ്തതോടെ കേരകര്‍ഷകര്‍ ദുരിതക്കയത്തില്‍. തേങ്ങയ്ക്ക് കിന്റലിന് കഴിഞ്ഞ വര്‍ഷം ഇതേമാസം 3200 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 1400 രൂപയാണു ലഭിക്കുന്നത്. ഇതിനു പുറമെ മണ്ടരി രോഗവും കൂമ്പു ചീയലും കാരണം തെങ്ങുകള്‍ വ്യാപകമായി നശിക്കുക കൂടിയായതോടെ കേര കര്‍ഷകര്‍ പട്ടിണിയിലേക്കു നീങ്ങുകയാണ്.
നാളികേരത്തിനു വിലയിടിയുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. എന്നാല്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ കേരഫെഡ് സംഭരണം നിര്‍ത്തിവച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കേരഫെഡിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വെളിച്ചെണ്ണ മില്ലുകളിലും ലോഡ് കണക്കിനു കൊപ്ര കെട്ടിക്കിടക്കുന്നതിനാല്‍ സംഭരിച്ച പച്ചത്തേങ്ങകള്‍ അതത് ഗോഡൗണുകളിലും കൃഷിഭവനുകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. റബറിന്റെ വിലയിടിവിലും നാളികേരത്തിലൂടെ പിടിച്ചുനിന്ന ഇടത്തരം കര്‍ഷകരെയാണ് തേങ്ങ വിലയിടിവ് രൂക്ഷമായി ബാധിച്ചിട്ടുള്ളത്.
രണ്ടാഴ്ച മുമ്പ് ക്വിന്റലിന് 1500 രൂപയായിരുന്നു വില. തേങ്ങ പറിക്കാന്‍ തെങ്ങൊന്നിന് 25 മുതല്‍ 30 രൂപയും പൊതിക്കുന്നതിന് 80 പൈസയുമാണ് കൂലി. മറ്റ് ചെലവുകളും കഴിച്ചാല്‍ കര്‍ഷകര്‍ക്കു മിച്ചമില്ലാത്ത അവസ്ഥയിലാണ്. അതിനാല്‍ തന്നെ പര കര്‍ഷകരും നഷ്ടം സഹിച്ച് തേങ്ങ പറിക്കാന്‍ തയ്യാറാവുന്നില്ല. ഇതോടെ പറമ്പുകളില്‍ തെങ്ങിന്‍ ചുവട്ടില്‍ തന്നെ തേങ്ങകള്‍ കെട്ടിക്കിടക്കുകയാണ്. ഉല്‍പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു തേങ്ങയ്ക്കു 50-75 പൈസയാണ് കര്‍ഷകനു ലഭിക്കുക. രാസവളത്തിന്റെ വിലയും കര്‍ഷകത്തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ കനത്ത നഷ്ടം സഹിച്ചും മേഖലയില്‍ തുടര്‍ന്ന പലരും ഇപ്പോള്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ ക്വിന്റലിന് 5100 രൂപ താങ്ങുവില പ്രഖ്യാപിച്ച് കൊപ്രസംഭരിക്കുന്നുണ്ടെങ്കിലും ഇത് താഴെക്കിടയിലുള്ള കര്‍ഷകര്‍ക്ക് സഹായകമാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കേന്ദ്രത്തിന്റെ താങ്ങുവിലയ്ക്കു പുറമെ പ്രോല്‍സാഹന വിഹിതം നല്‍കണമെന്ന ആവശ്യം കേരളസര്‍ക്കാര്‍ ഇതുവരെ അംഗീകരിക്കാത്തതു തിരിച്ചടിയാവുന്നത്. പാമോയില്‍ ഇറക്കുമതിയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ വെളിച്ചെണ്ണ വിപണിക്കു തിരിച്ചടിയാവുന്നുണ്ട്. പാം കെര്‍ണല്‍ ഓയില്‍ ചേര്‍ത്ത വെളിച്ചെണ്ണയാണ് തമിഴ്‌നാട്ടില്‍നിന്നു വ്യാപകമായെത്തുന്നത്. 300-350 ലോഡ് വെളിച്ചെണ്ണ ദിനംപ്രതി എത്തുന്നുണ്ടെന്നാണു കണക്ക്. ഹോട്ടലുകളില്‍ മാത്രമല്ല, ഗ്രാമങ്ങളിലെ വീടുകളില്‍ പോലും ഇത്തരം പാമോയിലും വെളിച്ചെണ്ണയും ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടപടിയെടുക്കാത്തതിനാല്‍ പുതുതലമുറയെ ആകര്‍ഷിക്കാനുമാവുന്നില്ല. നിലവിലുള്ള കര്‍ഷകരാവട്ടെ നാളികേരകൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേക്കു ചേക്കേറുകയാണ്. ഇതുകാരണം സംസ്ഥാനത്തു നാളികേര കൃഷി കുറഞ്ഞുവരികയാണ്. നാളികേര വികസനബോര്‍ഡിന്റെ കണക്കുപ്രകാരം കഴിഞ്ഞ 12 വര്‍ഷത്തിനിടെ 1,5600 ഹെക്ടറിലേറെ സ്ഥലത്തെ നാളികേര കൃഷി ഇല്ലാതായിട്ടുണ്ട്. ഉല്‍പാദനത്തില്‍ 25 കോടിയിലേറെ തേങ്ങയുടെ കുറവുണ്ടായിട്ടുണ്ട്. കാലവര്‍ഷത്തിലെ താളപ്പിഴയും ഉല്‍പാദനക്കുറവിനു കാരണമാവുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വേനലിന് തുടര്‍ച്ചയായി ജൂണിലും ജൂലൈയിലും വരണ്ട കാലാവസ്ഥയായാല്‍
തെങ്ങിന്‍കുല രൂപപ്പെടലിനു തിരിച്ചടിയാണ്. തെങ്ങിന്റെ കുലകള്‍ രൂപപ്പെടുന്നത് ഒന്നരവര്‍ഷത്തോളം നീളുന്ന പ്രക്രിയയാണ്. ഇതിന് കൃത്യമായി വെള്ളം കിട്ടണം. മഴയുടെ ഒളിച്ചുകളി നാളികേര കൃഷിയെ വന്‍തോതിലാണു ബാധിക്കുക. ഇത്തരത്തില്‍ ഈ വര്‍ഷം മഴയുടെ ലഭ്യതക്കുറവ് കാരണം മാത്രം വന്‍തോതില്‍ തേങ്ങ ഉല്‍പാദനത്തില്‍ ഇടിവുണ്ടാക്കും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം പിടിച്ചുനില്‍ക്കാനാവാത്ത വിധം വിലയിടിയുന്നതിനാല്‍ പലരും ലാഭകരമായ മറ്റു കൃഷിയിലേക്ക് ചേക്കേറുകയാണ്.
Next Story

RELATED STORIES

Share it