Idukki local

നാല് പഞ്ചായത്തുകളില്‍ റവന്യൂവകുപ്പ് എന്‍ഒസി ഇല്ലാതെ നിര്‍മാണം പാടില്ലെന്ന് നിര്‍ദേശിച്ച ഫയലുകള്‍ പിടിച്ചെടുത്തു



തൊടുപുഴ: മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍, ദേവികുളം പഞ്ചായത്തുകളില്‍ റവന്യു വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ നിര്‍മ്മാണം പാടില്ലെന്ന് നിര്‍ദ്ദേശിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയലുകള്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ നിന്ന് റവന്യു വകുപ്പ് പിടിച്ചെടുത്തു. ഹൈക്കോടതിയുടേയും റവന്യു വകുപ്പിന്റേയും ഉത്തരവുകള്‍, ഉത്തരവ് പാലിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക് അയച്ച കത്ത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഫയലുകളാണ് പിടിച്ചെടുത്തത്.ജില്ലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവിനെ തുടര്‍ന്നാണ് തൊടുപുഴയിലെ ഓഫിസില്‍ നിന്ന് ഫയലുകള്‍ പിടിച്ചെടുത്തത്. 2010 ജനുവരി 21നാണ് ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2010 ഫെബ്രുവരി രണ്ടിന് ഡെപ്യൂട്ടി ഡയക്ടര്‍ ഓഫിസിലേക്ക് അറിയിപ്പും ലഭിച്ചു. തുടര്‍ന്ന് ഫെബ്രുവരി 15ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നാല് പഞ്ചായത്തുകളിലേയും സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പും നല്‍കി. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്തുക ള്‍ പറഞ്ഞത്. ഇതിനിടയില്‍ നിരവധി റിസോര്‍ട്ടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അനധികൃതമായി നിര്‍മ്മാണ അനുമതിയും നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ എന്‍. ഒ.സി സംബന്ധിച്ച് നടന്നുകൊണ്ടിരുന്ന കേസുകളിലൊന്നില്‍ ഈ സംഭവം റവന്യു വകുപ്പധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി ഈ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തൊടുപുഴയിലെ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തില്‍ നിന്ന് ഈ രേഖകള്‍ റവന്യു വകുപ്പ് പിടിച്ചെടുത്തത്. രേഖകളില്‍ നിന്ന് പ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വളരെ രഹസ്യമായാണ് നീക്കം നടത്തിയത്.റവന്യു ഇന്‍സ്‌പെക്ടര്‍ പി ബാലചന്ദ്രന്‍, ഉദ്യോഗസ്ഥനായ പി കെ സിജു എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it