നാല് നഴ്‌സിങ് കോളജുകളുടെ വികസനം; 89.52 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളുടെ വികസനത്തിനായി 89,52,404 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് നഴ്‌സിങ് കോളജുകള്‍ക്കാണ് തുക അനുവദിച്ചതെന്ന് ശൈലജ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. നഴ്‌സിങ്് കോളജിന് 14,52,404 രൂപ, ആലപ്പുഴ ഗവ. നഴ്‌സിങ് കോളജിന് 15 ലക്ഷം രൂപ, എറണാകുളം ഗവ. നഴ്‌സിങ് കോളജിന് 20 ലക്ഷം രൂപ, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. നഴ്‌സിങ് ഫൗണ്ടേഷന്‍ ലാബ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് ലാബ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, അഡ്വാന്‍സ് ക്ലിനിക്കല്‍ ലാബ് എന്നിവിടങ്ങളിലെ വിവിധ സാമഗ്രികള്‍ വാങ്ങാനായി 5,52,404 രൂപയും ലൈബ്രറി ബുക്കുകള്‍, പരീക്ഷാ ഹാളുകള്‍, പീഡിയാട്രിക് ലാബ്, മെഡിക്കല്‍ സര്‍ജിക്കല്‍ ലാബ്, ന്യൂട്രീഷന്‍ ലാബ്, കമ്മ്യൂണിറ്റി ലാബ്, ലൈബ്രറി, ക്ലാസ്‌റൂം, ഫാക്വല്‍റ്റി റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി 9 ലക്ഷം രൂപയുള്‍പ്പെടെ 14,52,404 രൂപയാണ് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിന് അനുവദിച്ചത്.
നഴ്‌സിങ് ലാബ്, അഡ്വാന്‍സ്ഡ് നഴ്‌സിങ് സ്‌കില്‍ലാബ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് ലാബ്, ന്യൂട്രീഷന്‍ ലാബ്, ചെല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്് ലാബ് എന്നിവിടങ്ങളിലെ വിവിധ സാധനസാമഗ്രികള്‍ വാങ്ങാനാണ് ആലപ്പുഴ മെഡിക്കല്‍ കോളജിന് 15 ലക്ഷം രൂപ അനുവദിച്ചത്.
നഴ്‌സിങ്് ലേഡീസ് ഹോസ്റ്റലിന്റെ മെയിന്റനന്‍സ് ജോലി, നഴ്‌സിങ്് കോളജിന്റെ മുന്‍ഭാഗം മോടിപിടിപ്പിക്കുക, വാഹന പാര്‍ക്കിങ് സ്ഥാപിക്കുക തുടങ്ങിയവയ്ക്കാണ് എറണാകുളം മെഡിക്കല്‍ കോളജിന് 20 ലക്ഷം രൂപ നല്‍കിയത്.
എറണാകുളം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി 33 അധ്യാപക തസ്തികകളും 12 അനധ്യാപക തസ്തികകളും സൃഷ്ടിച്ചിരുന്നു.
കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിന്റെയും അനുബന്ധ റോഡിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനും പിഡബ്ല്യൂഡി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് 40 ലക്ഷം രൂപ അനുവദിച്ചത്.
Next Story

RELATED STORIES

Share it