നാല് ജില്ലകളില്‍ സിപിഐ സെക്രട്ടറിമാര്‍ മാറും

കെ  പി  ഒ  റഹ്മത്തുല്ല
മലപ്പുറം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കെ ഇ ഇസ്മയില്‍ പക്ഷത്തിന് നിര്‍ണായക സ്വാധീനം വന്നതോടെ ഏതാനും ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വരുമെന്ന് ഉറപ്പായി. പാര്‍ട്ടി ദേശീയ കോണ്‍ഗ്രസ്സിനു ശേഷമായിരിക്കും മാറ്റമെന്നാണു സൂചന. പാര്‍ട്ടിയില്‍ ഐക്യം നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവേണ്ടി വരുമെന്ന് വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിന് വ്യക്തമായിട്ടുണ്ട്.
മല്‍സരങ്ങളിലൂടെ ഇസ്മയില്‍ പക്ഷം നാലു ജില്ലകളില്‍ സ്വാധീനമുറപ്പിച്ചു. സംസ്ഥാന കൗണ്‍സിലില്‍ ഇസ്മയിലിനോടൊപ്പം നില്‍ക്കുന്നവരോ ഇപ്പോഴത്തെ നേതൃത്വത്തോട് അനിഷ്ടമുള്ളവരോ ആയ 40 ഓളം പേരുണ്ടെന്നാണ് ഏകദേശ കണക്ക്.
പാര്‍ട്ടിക്ക് സുഗമമായി മുന്നോട്ടു പോവണമെങ്കില്‍ കെ ഇ ഇസ്മയിലിനെയും നില്‍ക്കുന്നവരെയും നന്നായി പരിഗണിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന ഒരു സിപിഐ നേതാവ് തേജസിനോട് പറഞ്ഞു.  ദേശീയ നേതൃത്വവും ഇസ്മയിലുമായി അനുനയം വേണമെന്ന പക്ഷത്താണ്. കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ പേരില്‍ ഇസ്മയിലിനെ വേട്ടയാടുന്നതും അപമാനിക്കുന്നതും ശരിയല്ലെന്ന നിലപാടിലാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി.
ഇതേ ആശയംതന്നെയാണ് ദേശീയ നേതാക്കളായ ഡി രാജയ്ക്കും ആനിരാജയ്ക്കുമുള്ളത്. എറണാകുളം, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇസ്മയില്‍ പക്ഷത്തിനാണ് ആധിപത്യം. തിരുവനന്തപുരത്തും കാനത്തിന്റെ എതിര്‍പക്ഷത്തിനാണു മുന്‍തൂക്കം. ഇസ്മയിലിനെ ഉപയോഗിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമം നടക്കുമോ എന്ന ഭയവും കാനം പക്ഷത്തിനുണ്ട്.
ഇനി ഒരു പിളര്‍പ്പ് താങ്ങാനാവില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കാനവും നേതൃത്വത്തിലുള്ളവരും ശൈലി മാറ്റണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലത കാണിക്കണമെന്നുമാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് തല്‍പരരല്ലാത്ത വലിയൊരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്. ഇസ്മയിലിനെ അനുനയിപ്പിക്കാനായി പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കി ഏതാനും ജില്ലാ സെക്രട്ടറിമാരെ മാറ്റാനും ഇസ്മയിലിനു കൂടി സമ്മതരായവരെ നിയമിക്കാനാണു നീക്കം.
Next Story

RELATED STORIES

Share it