നാലു വയസ്സുകാരിയെ വീട്ടുമുറ്റത്ത് തെരുവുനായ കടിച്ചുകീറി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കുമെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
അഴീക്കല്‍ കപ്പക്കടവ് വി കെ ഹൗസില്‍ അശ്‌റഫിന്റെ മകള്‍ ഹൈഫ(4)യെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണു സംഭവം. കുട്ടിയുടെ നെറ്റിയുടെ ഇരുവശം നായ കടിച്ചെടുത്തു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് നായ കുട്ടിയെവിട്ടു കടന്നുകളഞ്ഞത്. ഹൈഫയെ ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.
രാവിലെ ഒമ്പതിന് തൊട്ടടുത്ത പ്രദേശമായ മൂന്നുനിരത്തിലും തെരുവുനായയുടെ ആക്രമണമുണ്ടായി. മൂന്നുനിരത്ത് ദേശബന്ധു വായനശാലയ്ക്കു സമീപം പത്മിനി (60), ജനകീയ റോഡിനു സമീപം സുജിത്ത് (40), രാജേഷ് (34) എന്നിവര്‍ക്കാണു കടിയേറ്റത്.
മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴീക്കല്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പത്തിലേറെ പേരെ നായ്കളുടെ കടിയേറ്റ് ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നായശല്യം തടയാന്‍ കാര്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണു പരാതി.
Next Story

RELATED STORIES

Share it