നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്‌

ന്യൂഡല്‍ഹി: ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനകീയതയും ബിജെപിക്കെതിരായ വിശാലസഖ്യത്തിന്റെ കെട്ടുറപ്പും മാറ്റുരയ്ക്കുന്ന യുപിയിലെ കൈരാന ഉള്‍പ്പെടെ നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയില്‍ നിന്ന് ബിജെപിയെ കെട്ടുകെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ എസ്പിയും ബിഎസ്പിയും ഗോരഖ്പൂരിലും ഫൂല്‍പൂരിലും ഒന്നിച്ചതു വിജയം കണ്ടിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളെല്ലാം എന്‍ഡിഎയുടെ സിറ്റിങ് സീറ്റുകളായതിനാല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏറെ നിര്‍ണായകമാണ്.
കൈരാനയില്‍ ബിജെപിക്ക് എതിരാളിയായി എത്തുന്നത് അജിത്‌സിങിന്റെ ആര്‍എല്‍ഡിയാണ്. പിന്തുണയുമായി അഖിലേഷ് യാദവും മായാവതിയുമുണ്ട്. പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സും എത്തിയതോടെ 2014ല്‍ മൃഗീയ ഭൂരിപക്ഷത്തില്‍ നേടിയെടുത്ത സീറ്റ് കൈവിട്ടുപോവുമെന്ന ആശങ്കയിലാണ് ബിജെപി. ബിജെപി എംപി ഹുക്കും സിങിന്റെ മരണത്തോടെയാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. സഹതാപ വോട്ടുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹുക്കും സിങിന്റെ മകള്‍ മൃഗംഗ സിങിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കൈയിലിരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടു സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല. വഴിപിരിഞ്ഞ ശിവസേനയുമായാണു പാല്‍ഘറില്‍ ബിജെപിയുടെ മല്‍സരം.
അന്തരിച്ച ബിജെപി എംപി ചിന്താമന്‍ വന്‍ഗെയുടെ മകനെയാണു ശിവസേന രംഗത്തിറക്കിയത്. ഒരിടവേളയ്ക്കു ശേഷം എന്‍സിപിയെ കൂട്ടുപിടിച്ചാണു കോണ്‍ഗ്രസ്സിന്റെ പടപ്പുറപ്പാട്. കനത്ത ത്രികോണ മല്‍സരത്തിനാണ് ഇവിടെ സാധ്യത തെളിയുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ ഭണ്ടാര-ഗോണ്ടിയയില്‍ ശിവസേനാ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതു ബിജെപിക്ക് ആശ്വാസം നല്‍കുന്നു. ഈ സീറ്റില്‍ ബിജെപിയുടെ ഹേമന്ത് പാട്‌ലെയും എന്‍സിപിയുടെ മധുകര്‍ കുക്‌ഡെയും തമ്മില്‍ നേരിട്ടുള്ള മല്‍സരം നടക്കും. നാഗാലാന്‍ഡ് മണ്ഡലത്തിലും ഇന്നാണു തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി നെഫ്യൂ റിയോയുടെ പിന്‍ബലത്തില്‍ മണ്ഡലം നിലനിര്‍ത്താമെന്നാണ് അമിത് ഷായുടെ കണക്കുകൂട്ടല്‍. ലോക്‌സഭയില്‍ മാന്ത്രിക സഖ്യയായ 272ല്‍ ഒട്ടിനില്‍ക്കുന്ന ബിജെപിക്ക് നാലു മണ്ഡലത്തിലും കാലിടറിയാല്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടമാവും.
Next Story

RELATED STORIES

Share it