നാലു രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദ നം മരവിപ്പിക്കുന്നു

ദോഹ: ആഗോളവിപണിയില്‍ എണ്ണവില കുത്തനെ താഴുന്ന അവസരത്തില്‍ എണ്ണയുല്‍പ്പാദനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തയ്യാറാണെന്ന് സൗദിയുള്‍പ്പെടെ നാല് ഒപെക് അംഗരാജ്യങ്ങള്‍ അറിയിച്ചു.
ദോഹയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സൗദി അറേബ്യക്കു പുറമെ ഖത്തര്‍, വെനിസ്വേല, റഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്ത നടപടിക്ക് തയ്യാറാണെന്നറിയിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ എണ്ണയുല്‍പ്പാദനം മരവിപ്പിക്കാനാണു നീക്കം.
ജനുവരിയിലെ തോതിലുള്ള ഉല്‍പ്പാദനം മരവിപ്പിക്കേണ്ടത് ഇപ്പോഴത്തെ വിപണിയില്‍ ആവശ്യമാണെന്ന് സൗദി അറേബ്യന്‍ എണ്ണവകുപ്പുമന്ത്രി അലി അല്‍-നഈമി പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ പ്രതിസന്ധി തുടരാനാവില്ല. ആവശ്യാനുസരണമാണ് ഉല്‍പ്പാദനം നടക്കേണ്ടത്. എണ്ണയുടെ വില സന്തുലിതമായി നില നിര്‍ത്തേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. മറ്റ് എണ്ണയുല്‍പ്പാദക രാജ്യങ്ങളും ഉല്‍പ്പാദനം മരവിപ്പിക്കാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10 വര്‍ഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് എണ്ണവിലയിപ്പോള്‍. അതേസമയം, ഇറാനും ഇറാഖുമായി വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് വെനിസ്വേലന്‍ എണ്ണ വകുപ്പുമന്ത്രി യൂലോഗ്യോ ദെല്‍ പിനോ അറിയിച്ചു.
Next Story

RELATED STORIES

Share it