നാലു മാസത്തിനിടെ രാജ്യത്ത് നടന്നത് 300 വര്‍ഗീയ കലാപങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലു മാസത്തിനിടെ ഉണ്ടായത് 300 വര്‍ഗീയ സംഘര്‍ഷങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്‌ടോബറിനു ശേഷം ഒരു വര്‍ഷത്തിനിടെ 630 വര്‍ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. 86 പേര്‍ക്ക് ഇക്കാലയളവില്‍ ജീവഹാനി സംഭവിച്ചു. പ്രതിമാസം 75 എന്ന തോതിലാണ് സാമുദായിക സംഘര്‍ഷങ്ങളുണ്ടാവുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറവുണ്ടായെന്ന് പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. 2013ല്‍ 823 സംഭവങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം മെയ് 26 മുതല്‍ 644 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂണ്‍ വരെ 330 വര്‍ഗീയ കലാപങ്ങളുണ്ടായി. 51 പേര്‍ ഇതില്‍ കൊല്ലപ്പെട്ടു. 1899 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം വലിയ തോതിലുള്ള കലാപങ്ങളുണ്ടായിട്ടില്ലെന്നും റിപോര്‍ട്ട് പറയുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കലാപങ്ങള്‍ ഉണ്ടായി. ഹരിയാനയിലെ ഫരീദാബാദിലെ അട്ടാലിയില്‍ മസ്ജിദ് പണിയുന്നതു സംബന്ധിച്ചുണ്ടായതും ദാദ്രിയില്‍ പശു വിറച്ചി കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവവും പ്രധാന കലാപങ്ങളായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രങ്ങളും ചിഹ്‌നങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്, ലിംഗഭേദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഭൂമിക്കു വേണ്ടിയുള്ള തര്‍ക്കം, രാഷ്ട്രീയ വിരോധം, വ്യക്തി വൈരാഗ്യം, സാമ്പത്തിക തര്‍ക്കം, റോഡപകടം തുടങ്ങിയവയാണ് വര്‍ഗീയ കലാപങ്ങള്‍ക്കു കാരണമായത്. എന്നാല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി തയാറാക്കിയ റിപോര്‍ട്ടില്‍ പാര്‍ലമെന്ററി സമിതിയിലുണ്ടായിരുന്ന സിപിഐ അംഗം ഡി രാജ വിയോജിപ്പറിയിച്ചു. ബിജെപി എംപിമാരുടെ വര്‍ഗീയ പരാമര്‍ശങ്ങളും അതു മൂലമുണ്ടായ സംഘര്‍ഷങ്ങളും റിപോര്‍ട്ടില്‍ മറച്ചുവച്ചിരിക്കുകയാണെന്നും അതാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ പോലും സെക്രട്ടറി യോഗത്തിനെത്തിയില്ലെന്നും കോണ്‍ഗ്രസ് അംഗം പി ഭട്ടാചാര്യ അധ്യക്ഷനായ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാലാണ് സെക്രട്ടറി പാര്‍ലമെന്ററി സമിതി യോഗത്തിനെത്താതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തയ്യാറാക്കി പാര്‍ലമെന്ററി സമിതിക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് കഴിഞ്ഞ ദിവസം ദ ഹിന്ദു ദിനപത്രമാണ് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it