palakkad local

നാലു കോളനികള്‍ കൂടി അംബേദ്കര്‍ കോളനികളാക്കുമെന്ന്

പാലക്കാട്: പട്ടികജാതി കോളനികളില്‍ അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട്, തൃത്താല, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ ബ്ലോക്കുകളിലെ നാലു കോളനികള്‍ കൂടി അംബേദ്ക്കര്‍ കോളനികളായി ഉയര്‍ത്തും. ഇതിന് ഭരണാനുമതി ലഭിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫളസര്‍ വി സജീവ് അറിയിച്ചു.
തിരുവാലപ്പറ്റ, നെയ്യുര്‍ ചോലപ്പറമ്പ്, നെല്ലായ, വെളുത്തേന്‍മാരില്‍ എന്നീ കോളനികളെ അംബേദ്ക്കര്‍ കോളനികളാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം അടുത്ത മാസം നടക്കും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനും കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡിനുമാണ് (കെല്‍) പദ്ധതി നിര്‍വഹണ ചുമതല.
കോളനികളിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം, വൈദ്യുതി, ശൗചാലയ നിര്‍മാണം, റോഡ് നടപ്പാത നിര്‍മാണവും നവീകരണവും, സംരക്ഷഭിത്തി നിര്‍മാണം, അങ്കണവാടികളുടെയും കമ്മ്യൂണിറ്റി ഹാളുകളുടെയും നിര്‍മാണം, തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭ പദ്ധതികള്‍, തുടങ്ങിയവ പദ്ധതി വഴി നടപ്പാക്കും. ജില്ലയില്‍ ഇതുവരെ 28 കോളനികള്‍ അംബേദ്ക്കര്‍ കോളനികളാക്കി മാറ്റി പ്രവൃത്തി പൂര്‍ത്തിയാക്കിട്ടുണ്ട്.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭൗതിക സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി മനിശ്ശേരിയില്‍ ആരംഭിച്ച പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. കൂടാതെ വടക്കഞ്ചേരിയില്‍ കമ്മ്യൂണിറ്റി കോളെജ് നിര്‍മാണ പ്രവൃത്തിയുടെ തറക്കല്ലിടല്‍ ഉടനെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 185 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വികസന വകുപ്പ് നടത്തിയത്.
ഭൂരഹിത പുനരധിവാസ പദ്ധതി, ഭവന നവീകരണ ധനസഹായം, ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ  പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്കായി 20.56 കോടിയും ചികില്‍സാ ധനസഹായം, വിവാഹ-മിശ്രവിവാഹ ധനസഹായമായി 16. 60 കോടിയും ചെലവഴിച്ചു. സ്വയംതൊഴില്‍ പദ്ധതി, വിദേശതൊഴില്‍ ധനസഹായ പദ്ധതി, പ്രത്യേക പ്രോല്‍സാഹന സമ്മാനം, പ്രൈമറി എയ്ഡ്, അതിക്രമം തടയല്‍ പദ്ധതി, കോര്‍പ്പസ് ഫണ്ട് എന്നിവ മുഖേന 16.31 കോടി ചെലവഴിച്ചു. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം (ലംപ്‌സം ഗ്രാന്റ്), അയ്യങ്കാളി പദ്ധതി, പാരലല്‍ കോളജ്, സ്റ്റഡി ടൂര്‍, ലാപ്‌ടോപ്പ്, സ്റ്റെതസ്‌കോപ്പ്, ഗവ. ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ പദ്ധതികളിലൂടെ ജില്ലയില്‍ 57,570 പേര്‍ക്ക് വിദ്യാഭ്യാസ ധനസഹായം ലഭിച്ചു.
Next Story

RELATED STORIES

Share it