Flash News

നാലുവര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തെ ഭീതിയിലാഴ്ത്തി: പോപുലര്‍ ഫ്രണ്ട്

പുത്തനത്താണി (മലപ്പുറം): നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വ്യക്തമാക്കി. സാമ്പത്തിക, വികസന രംഗങ്ങളില്‍ കൂപ്പുകുത്തിയ സര്‍ക്കാരിന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞില്ലെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ഇന്ധന വിലയും അവശ്യസാധനങ്ങളുടെ വിലയും ദൈനംദിനം കുതിച്ചുയരുന്നത് സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മയും അഴിമതിയും വ്യാപകമായി. നോട്ടു നിരോധനം പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനുള്ളില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് 745.58 കോടി രൂപയുടെ നോട്ടു മാറിയതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഭരണരംഗത്തെയും സാമ്പത്തികരംഗത്തെയും തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ, രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
ജനാധിപത്യ മേതതര രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഈ ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണെന്നും പ്രമേയം പറഞ്ഞു. മറ്റൊരു പ്രമേയത്തില്‍ പശുവിന്റെ പേരില്‍ തെരുവില്‍ അഴിഞ്ഞാടുന്ന വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ മുസ്‌ലിംകളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി കൗണ്‍സില്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കുന്നത്, പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമസംഘങ്ങളുടെ  അഴിഞ്ഞാട്ടം ശക്തിപ്പെടുന്നതിന് തെളിവാണ്. ഏതുസമയത്തും ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മുസ്‌ലിംകള്‍ കൊല്ലപ്പെടാവുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
വാചാടോപം അവസാനിപ്പിച്ച് യുപി, ജാര്‍ഖണ്ഡ്, അസം പോലുള്ള സംസ്ഥാനങ്ങളിലെ തങ്ങളുടെ മുഖ്യമന്ത്രിമാരെക്കൊണ്ട് ഉത്തരവാദിത്തം നിര്‍വഹിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നു യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിര്‍പ്പുകളെ ഭീകരനിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊരേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്ര പോലിസ് അഞ്ച് സാമൂഹികപ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഭീം അര്‍മിനേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ കുറേക്കാലമായി നീതീകരിക്കാനാവാത്ത കാരണങ്ങളുടെ പേരില്‍ യുപിയില്‍ തടവിലിട്ട് പീഡിപ്പിക്കുകയാണ്. ഏകപക്ഷീയമായ അറസ്റ്റിന് തൂത്തുക്കുടിയും വേദിയായിരിക്കുന്നു.
അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനെതിരേ രാജ്യത്ത് ശക്തമായ പൗരാവകാശ മുന്നേറ്റം ഉയര്‍ന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ എം എ സലാം, ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, അംഗങ്ങളായ കെ എം ശരീഫ്,  പി എന്‍ റോഷന്‍, അഡ്വ. മുഹമ്മദ് യൂസുഫ്, ഇ എം അബ്ദുറഹ്മാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it