Kollam Local

നാലുമക്കളുണ്ടായിട്ടും സംരക്ഷിക്കാനാളില്ല: വൃദ്ധ മാതാവ് ഗാന്ധിഭവനില്‍

പത്തനാപുരം: നാലുമക്കളുണ്ടായിട്ടും സംരക്ഷിക്കാനാളില്ലാത്തതിനെത്തുടര്‍ന്ന് ജീവിതം ദുരിതപൂര്‍ണമായിത്തീര്‍ന്ന വൃദ്ധമാതാവിന് ഗാന്ധിഭവനില്‍ അഭയം. കുണ്ടറ മുക്കോട് മുളവന സ്വദേശിനി സാറാമ്മയെയാണ് കൊട്ടാരക്കര പോലിസിന്റെ നേതൃത്വത്തില്‍ ഗാന്ധിഭവനില്‍ എത്തിച്ചത്. 72കാരിയായ സാറാമ്മയുടെ ഭര്‍ത്താവ് 22 വര്‍ഷങ്ങള്‍ക്കുമുന്‍പ് മരണപ്പെട്ടതാണ്. മൂന്ന് ആണ്‍മക്കളും ഒരു മകളുമടക്കം നാല് മക്കളാണിവര്‍ക്കുള്ളത്. എന്നാല്‍ ഇളയമകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സാറാമ്മയ്ക്ക് വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു. ഇതിനുശേഷം മക്കളുടെ സംരക്ഷണത്തിലായിരുന്നുവെങ്കിലും കുറച്ചു നാളുകള്‍ക്ക് ശേഷം അവര്‍ സാറാമ്മയെ കൈയൊഴിഞ്ഞു. പിന്നീട് നാലു വര്‍ഷക്കാലത്തോളം ഒരു അനാഥാലയത്തിലായിരുന്ന സാറാമ്മയെ മക്കളെത്തി തങ്ങളുടെ ജോലി സ്ഥലമായ ഗുജറാത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും ഏകദേശം ആറുമാസങ്ങള്‍ക്കു ശേഷം ഇവര്‍ വീണ്ടും നാട്ടിലെത്തി. എന്നാല്‍ അനാഥത്വം മാത്രമായിരുന്നു അവരെ കാത്തിരുന്നത്. തുടര്‍ന്ന് സംരക്ഷിക്കാനാരുമില്ലാത്ത സാഹചര്യത്തില്‍ സാറാമ്മ കൊട്ടാരക്കര പോലിസ് സ്‌റ്റേഷനില്‍ അഭയം തേടുകയും തനിക്ക് സംരക്ഷണമേകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലിസ് ഇവരുടെ മക്കളുമായി ബന്ധപ്പെട്ടെങ്കിലും മക്കള്‍ക്ക് അമ്മയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതുപ്രകാരമാണ് ഗാന്ധിഭവനിലേയ്ക്കുള്ള വഴി തെളിഞ്ഞത്.  കൊട്ടാരക്കര സിഐ ഒ എ സുനിലിന്റെ ശുപാര്‍ശപ്രകാരം സിവില്‍ പോലീസ് ഓഫിസര്‍ കെവി ഗോപകുമാര്‍, വുമണ്‍ പോലിസ് ഓഫിസര്‍ സുധാകുമാരി, സെലിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സാറാമ്മയെ ഗാന്ധിഭവനിലെത്തിച്ചത്.
Next Story

RELATED STORIES

Share it