നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി അരുണ യാത്രയായി

പെര്‍ള (കാസര്‍കോട്): ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച യുവതി യാത്രയായി. പെര്‍ള പള്ളക്കാനയിലെ പരമേശ്വര നായകിന്റെ ഭാര്യ അരുണ(35)യാണു മരണത്തിനു കീഴടങ്ങിയത്. ഇവരുടെ ഹൃദയവും കരളും വൃക്കകളും നാലുപേര്‍ക്കു പുതുജീവനേകി.
പ്ലാന്റേഷന്‍ വര്‍ക്കറായ പരമേശ്വരനായിക് കഴിഞ്ഞ 20 നു ഭാര്യയെയും കൂട്ടി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ അമെക്കളയില്‍ വച്ച് ബൈക്ക് മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികില്‍സയ്ക്കിടയില്‍ അരുണയ്ക്കു മസ്തിഷ്‌ക മരണം സംഭവിച്ചു. ഇതോടെയാണ് ഇവരുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ എടുത്തു. തു ടര്‍ന്ന് 1.45 മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം നാലുപേര്‍ക്കു നല്‍കി. കോഴിക്കോട് ഇരിങ്ങന്നൂര്‍ സ്വദേശിയായ 27 വയസ്സുകാരനിലാണ് ഹൃദയം മാറ്റിവച്ചത്. വര്‍ഷങ്ങളായി ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖംമൂലം ബുദ്ധിമുട്ടുകയായിരുന്നു യുവാവ്. കരള്‍ മാറ്റിവച്ചത് മലപ്പുറത്തുള്ള 51കാരനിലാണ്.
ഒരു വൃക്ക കൊയിലാണ്ടിയില്‍നിന്നുള്ള 25 വയസ്സുകാരിയിലും മറ്റേ വൃക്ക വടകരയില്‍നിന്നുള്ള 51 വയസ്സുകാരിയിലും മാറ്റിവച്ചു. അവയവദാനത്തിനു ശേഷം അരുണയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: ചെന്നപ്പ നായിക്. മാതാവ്: ഗീത. മകള്‍: അപര്‍ണ.
Next Story

RELATED STORIES

Share it