Kerala Assembly Election

നാലുതവണ മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് അഭിപ്രായം

നാലുതവണ മല്‍സരിച്ചവര്‍  മാറിനില്‍ക്കണമെന്ന് അഭിപ്രായം
X
Congress-

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: നാലുതവണ മല്‍സരിച്ചവര്‍ സ്വയം ഒഴിയുകയോ അല്ലെങ്കില്‍ അവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് നേതൃത്വം നീക്കുകയോ ചെയ്യണമെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ പൊതുഅഭിപ്രായം.
എന്‍ വേണുഗോപാലാണ് ഇക്കാര്യം ഉന്നയിച്ചത്. നാലുതവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ആര്യാടന്‍ മുഹമ്മദിനെ മാതൃകയാക്കണം. ഒരു വ്യക്തിക്ക് ഓര്‍മ്മയുണ്ടയോ ഇല്ലയോ എന്നു നോക്കേണ്ടതില്ല. പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കാണ് സീറ്റ് നല്‍കേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് സംസാരിച്ചവരെല്ലാം ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചു. നാലു തവണ മല്‍സരിച്ചവര്‍ പിന്‍മാറണമെന്നത് ഒരു മാര്‍ഗരേഖയായി അംഗീകരിക്കണമെന്ന് വി സി കബീര്‍ ആവശ്യപ്പെട്ടു.
അതേസമയം, എതിരഭിപ്രായം ഉണ്ടെങ്കില്‍ ഉദുമയില്‍ നിന്നു പിന്‍മാറാമെന്നു കെ സുധാകരന്‍ യോഗത്തില്‍ അറിയിച്ചു. ഉദുമയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതിനു കെപിസിസി ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉണ്ടായതിനാലാണ് പിന്‍മാറാനുള്ള സന്നദ്ധത സുധാകരന്‍ അറിയിച്ചത്. ഉദുമയിലെ യോഗത്തില്‍ സുധാകരന്‍ പങ്കെടുത്തതിനെ ഭാരവാഹി യോഗത്തില്‍ പി രാമകൃഷ്ണനാണ് വിമര്‍ശിച്ചത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മാറിനില്‍ക്കാമെന്ന സന്നദ്ധതയും കാസര്‍കോട് ഡിസിസി യോഗത്തില്‍ താന്‍ അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി മറ്റുപലതും പറയുകയാണ്. ഈ സാഹചര്യത്തില്‍ മല്‍സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പ് താന്‍ പിന്‍വലിക്കുകയാണെന്നും സുധാകരന്‍ യോഗത്തില്‍ അറിയിച്ചു.
തന്റെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരന്‍ കാസര്‍കോട് ഡിസിസി യോഗത്തില്‍ സംബന്ധിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. അരൂരില്‍ നടന്‍ സിദ്ദിഖിന്റെ പേര് പരിഗണിക്കുന്നതിനോട് പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണായുധം മദ്യനയമായിരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

[related]
Next Story

RELATED STORIES

Share it