നാലാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു; ആദിവാസികള്‍ക്ക് ഭൂമി ഉറപ്പാക്കാന്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: രണ്ടാം ഭൂപരിഷ്‌കരണം ഉള്‍പ്പെടെ കേരള വികസനത്തിന് പുതിയ ആശയങ്ങള്‍ പങ്കുവച്ച് നാലാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു. ആദിവാസികള്‍ക്ക് ഭൂമി ഉറപ്പാക്കാനാണ് പുതിയ ഭൂപരിഷ്‌കരണമെന്ന ആശയം പഠനകോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകരെ സംഘടിപ്പിക്കാനും കര്‍ഷകര്‍ക്ക് ഭൂനിയമ ഭേദഗതിയുടെ സഹായം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
നീര്‍ത്തട സംരക്ഷണസേന, സ്വന്തം ഊര്‍ജക്കമ്പനി എന്നിവയും പ്രധാന നിര്‍ദേശങ്ങളാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് നടപ്പാക്കും. ഭരണപരിഷ്‌കാരങ്ങള്‍, 50,000 കോടിയുടെ പൊതുനിക്ഷേപം എന്നിവയ്ക്കും മുന്‍ഗണന നല്‍കും. ഖനനത്തിന് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണം എന്നിവ നടപ്പാക്കണം. സ്ത്രീസൗഹൃദ സംസ്ഥാനമാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്നും പഠനകോണ്‍ഗ്രസ് വിലയിരുത്തി.
വികസനത്തിനൊപ്പം കേരളത്തില്‍ അസമത്വവും വളര്‍ന്നെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിനു തടയിടാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലേ ഇതു സാധ്യമാവൂവെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷ സമൂഹത്തിന്റെ അടിത്തറയില്‍ മാത്രമേ കേരളത്തില്‍ വികസനമുണ്ടാവൂ എന്നും ആ അടിത്തറയ്ക്ക് വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അധ്യക്ഷത വഹിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജാതിമതവിഭാഗങ്ങള്‍ ഭരണത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നത് തടയണം. സ്ത്രീപക്ഷ വികസന നയം നടപ്പാക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. ഭരണപരിഷ്‌കരണംകൊണ്ടു മാത്രമേ അഴിമതി തുടച്ചുനീക്കാനാവൂ. ബഹുജനാഭിപ്രായം സ്വരൂപിച്ച് വികസന നയത്തിന് രൂപം നല്‍കും. ഇതിനായി 140 മണ്ഡലങ്ങളിലും സെമിനാര്‍ നടത്തി മാനിഫെസ്റ്റോ തയ്യാറാക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it