നാലാമത്തെ കേസില്‍ ലാലുവിന് 14 വര്‍ഷം തടവ്‌

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും. കേസില്‍ ലാലു ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് വ്യാജ ബില്ല് ഹാജരാക്കി 3.13 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. ഐപിസി പ്രകാരം ഏഴു വര്‍ഷവും അഴിമതി നിരോധന നിയമപ്രകാരം ഏഴു വര്‍ഷവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ ആറു കേസുകളാണ് ഉണ്ടായിരുന്നത്. ഇതിലെ നാലാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. മൂന്നു കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ അഞ്ചു വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ചു വര്‍ഷവും ലാലുവിനു ശിക്ഷയും വിധിച്ചിരുന്നു.
അതേസമയം, പിതാവിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ടെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ലാലുവിനെതിരേ ബിജെപി സഖ്യം ഗൂഢാലോചന നടത്തുകയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവനു ജയിലില്‍ ഭീഷണിയുണ്ട്- തേജസ്വി യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it