നാലാം ലോകകിരീടം തേടി ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരേ

ധക്ക: നാലാം ലോകകിരീടമെന്ന റെക്കോഡ് ലക്ഷ്യവുമായി ഇന്ത്യ ഇന്നു നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. മൂന്നു ലോകകിരീടങ്ങള്‍ നേടിയ ഇന്ത്യ ഇപ്പോള്‍ ആസ്‌ത്രേലിയക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഇന്നു ജയിക്കാനായാല്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാവും. 2000, 08, 12 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിനു മുമ്പ് ജേതാക്കളായത്.
കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റ ശേഷം തുടര്‍ച്ചയായി 15 മല്‍സരങ്ങളില്‍ ജയിച്ചാണ് ഇന്ത്യ ഇ ന്നത്തെ കലാശക്കളിക്കു കച്ചമുറുക്കുന്നത്. ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, നേപ്പാള്‍, അയര്‍ലന്‍ഡ് എന്നിവരെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ നമീബിയയെ നാണം കെടുത്തി സെമിയിലേക്ക് കുതിച്ചു. സെമിയില്‍ ശ്രീലങ്കയെയാണ് ഇന്ത്യ തുരത്തിയത്.
അതേസമയം, കന്നിക്കിരീടമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. 2004ലെ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതാണ് കരിബീയന്‍ ടീമിന്റെ മികച്ച നേട്ടം.
Next Story

RELATED STORIES

Share it