Kottayam Local

നാലരലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ചങ്ങനാശ്ശേരി: ചീട്ടുകളിസംഘത്തില്‍ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വര്‍ക്കല കരവാരം തെങ്ങുവിളവീട്ടില്‍ വാള്‍ ബിജു എന്നുവിളിക്കുന്ന ബിജു(42)നെയാണ് കല്ലമ്പലത്തുനിന്നും ചങ്ങനാശ്ശേരി ഷാഡോപോലിസ് അറസ്റ്റുചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു. ജനുവരി 30ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറിയിലുള്ള വീട്ടില്‍ ചീട്ടുകളിച്ച സംഘത്തില്‍നിന്നും നാലരലക്ഷം രൂപ പിടിച്ചുപറിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ഈ കേസില്‍ പ്രതികളായ മിഥുന്‍,അലോട്ടി എന്നിവരെ നേരത്തെ പോലിസ് പിടികൂടിയിരുന്നു. എന്നാല്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവര്‍ എറണാകുളം സ്വദേശികളാണെന്നു പറഞ്ഞ് പോലിസിനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചു—വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലിസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ബിജുവിനെ കല്ലമ്പലത്തുനിന്നും പിടികൂടാനായത്.
ബിജുവിന്റെ പേരില്‍ നിലവില്‍ 28 കേസുണ്ട്. പിടിച്ചുപറി, മോഷണം, വെട്ടുകേസ് എന്നിവയാണ് പ്രധാന കേസുകള്‍. വെട്ടുകേസില്‍ മാത്രമായി 14 കേസാണ് ഇയാളുടെ പേരിലുള്ളത്. മിഥുനും ബിജുവും നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുമ്പോഴാണ് പരസ്പരം പരിചയത്തിലാവുന്നത്. ഈ പരിചയമാണ് ബിജു കല്ലമ്പലത്തുനിന്നും തൃക്കൊടിത്താനത്ത് എത്താന്‍ കാരണം. ബിജുവിനെ ചോദ്യംചെയ്തതില്‍ നിന്നും ഇയാളുടെ കൂട്ടുപ്രതികളായ നാലുപേരെകൂടി തിരിച്ചറിഞ്ഞതായും ഇവര്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്. ഷാഡോപോലിസ് എഎസ്‌ഐമാരായ കെ കെ റെജി, പ്രദീപ് ലാല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
Next Story

RELATED STORIES

Share it