ernakulam local

നാലംഗ സംഘത്തില്‍ ഒരാളെ അരലിറ്റര്‍ ചാരായവുമായി പിടികൂടി

വൈപ്പിന്‍: എളങ്കുന്നപ്പുഴ പല്ലമ്പിള്ളിയില്‍ ചെമ്മീന്‍ കെട്ടിന്റെ പരിസരത്തുള്ള വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിവന്ന നാലംഗ സംഘത്തിലെ ഒരാളെ അരലിറ്റര്‍ ചാരായവുമായി ഞാറക്കല്‍ പോലിസ് പിടികൂടി. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാറക്കല്‍ പോലിസ് രാത്രികാലങ്ങളില്‍ നടത്തിവന്ന സ്‌പെഷ്യല്‍ പട്രോളിങ്ങിനിടെയാണ് സംഭവം.
രക്ഷപ്പെട്ട മൂന്നുപേരും ചാരായം അടങ്ങിയ കന്നാസുമായാണ് പുഴയില്‍ ചാടിയത്. എളങ്കുന്നപ്പുഴ പല്ലമ്പിള്ളി ചിരട്ടപ്പുരക്കല്‍ മുകിലേഷ്(24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്. ഞാറക്കല്‍ സ്വദേശി സുധീഷ്, എളങ്കുന്നപ്പുഴ സ്വദേശികളായ മണ്ടന്‍ ഗിരി എന്നു വിളിക്കുന്ന ഗിരീഷ്, കൂട്ടാളി എന്നു വിളിക്കുന്ന കാരാച്ചിറ വീട്ടില്‍ അഭിലാഷ് എന്നിവരാണ് പുഴയില്‍ ചാടി രക്ഷപ്പെട്ടത്. അഭിലാഷിന്റെ വീട്ടുവളപ്പ് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റല്‍. വീട്ടുകാരുടെ അറിവോടെയാണ് ചാരായം വാറ്റിയിരുന്നതെന്ന് പോലിസ് അറിയിച്ചു. വാറ്റുന്ന ചാരായം ആവശ്യക്കാര്‍ക്ക് ഇവര്‍തന്നെ എത്തിച്ചു കൊടുക്കുകയാണ് പതിവെന്നും പോലിസ് പറഞ്ഞു. പോലിസിനെ കണ്ട പ്രതികള്‍ സ്ഥലത്ത് കൂട്ടിവച്ചിരുന്ന വാഷ് തട്ടിമറിച്ചശേഷം ഓടുകയായിരുന്നു. പിന്നാലെ ഓടിയ പോലിസിനു മുകിലേശനെ മാത്രമെ പിടികൂടാന്‍ കഴിഞ്ഞുള്ളു. വാറ്റാന്‍ ഉപയോഗിച്ചിരുന്ന സ്റ്റൗ, പാത്രങ്ങള്‍, കന്നാസുകള്‍, വലിയ വീപ്പ എന്നിവയും പിടിച്ചെടുത്തു.
ഞാറക്കല്‍ സിഐ സി ആര്‍ രാജുവിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ ആര്‍ രഗീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സി പിഒ മാരായ ശരത്, ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it