Malappuram

നാലംഗ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി

മഞ്ചേരി: നാലംഗ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വെറ്റിലപ്പാറ സ്വദേശികളായ ഗണേശ് (36), മഞ്ജു (36), സനൂപ് (26), അരിമ്പ്ര സ്വദേശി ദീപു (24) എന്നിവരെയാണ് മാരകായുധങ്ങളുമായി  ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് മഞ്ചേരി പാണ്ടിക്കാട് ബൈപാസ് റോഡില്‍ നാട്ടുകാര്‍ പിടികൂടിയത്.
ഇവരില്‍ നിന്നു നെഞ്ചക്, നാല് വടിവാള്‍, ഇരുമ്പുദണ്ഡുകള്‍, മുളകുപൊടി സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. നമ്പറില്ലാത്ത ഓള്‍ട്ടോ കാറിലാണ് ഇവര്‍ മഞ്ചേരിയിലെത്തിയത്. രാവിലെ മഞ്ചേരിയിലെത്തിയ ക്വട്ടേഷന്‍ സംഘം കോവിലകം സ്വദേശിയായ സന്ദീപില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ആവശ്യപ്പെടുന്ന ആളുകളെ വരുത്തിയില്ലെങ്കില്‍ ഫോണ്‍ തിരിച്ചു നല്‍കില്ലെന്നും, സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സന്ദീപ് ബന്ധുക്കളോടും നാട്ടുകാരോടും വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്.
വിവരം അറിയിച്ചിട്ടും പോലിസ് എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് സംഘത്തെ സ്‌റ്റേഷനില്‍ എത്തിച്ചത്.  ഇക്കഴിഞ്ഞ പുതുവല്‍സര ആഘോഷവുമായി ബന്ധപ്പെട്ട് മഞ്ചേരി കോവിലകംകുണ്ടില്‍ അരീക്കോട് സ്വദേശികളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘമെത്തിയതെത്രെ. മഞ്ചേരി പോലിസ് കേസെടുത്തു.
എന്നാല്‍, ഇവരില്‍ നിന്നും യാതൊന്നും പിടികൂടിയിട്ടില്ലെന്നും കേസെടുക്കാനാവില്ലെന്നും പോലിസ് അറിയിച്ചെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.   പോലിസിന്റെ അനാസ്ഥയ്‌ക്കെതിരേ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it