നാറ്റോ ഉച്ചകോടിയില്‍ ട്രംപും മെര്‍ക്കലും നേര്‍ക്കുനേര്‍

ബ്രസ്സല്‍സ്: നാറ്റോ സമ്മേളനത്തില്‍ ആദ്യ ദിനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലും നേര്‍ക്കുനേര്‍.  ജര്‍മനി പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ജര്‍മനിയില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തില്‍ 70 ശതമാനവും റഷ്യയില്‍ നിന്നാണെന്ന് ട്രംപ് പറഞ്ഞു.  ഇതു നാറ്റോയെ സംബന്ധിച്ചു മോശമാണെന്നു നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോളന്‍ ബര്‍ഗുമായുള്ള ചര്‍ച്ചയില്‍ ട്രംപ്  കുറ്റപ്പെടുത്തി.
എന്നാല്‍, ട്രംപിന്റെ വാദങ്ങള്‍ക്കെതിരേ മെര്‍ക്കല്‍ ശക്തമായി രംഗത്തെത്തി. ജപ്പാന്‍ സ്വതന്ത്രമായ നിലപാടുകളും തീരുമാനങ്ങളുമുള്ള രാജ്യമാണെന്നു മെര്‍ക്കല്‍ തിരിച്ചടിച്ചു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഒരുകാലത്ത് സോവിയറ്റ് യൂനിയന്റെ സ്വാധീന മേഖലയായിരുന്ന കിഴക്കന്‍ ജര്‍മനിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ജര്‍മനി എന്നിരിക്കെ, നാറ്റോ നടപടികള്‍ക്ക് ജര്‍മനി ആവശ്യമായ സഹായം നല്‍കുന്നില്ലെന്നും ട്രംപ്  ആരോപിച്ചിരുന്നു.
അതേസമയം, ബ്രസ്സല്‍സിലെ ഉച്ചകോടിയില്‍ റഷ്യയെ പരോക്ഷമായി വിമര്‍ശിച്ച ട്രംപ് അടുത്തയാഴ്ച ഹെല്‍സിങ്കില്‍ വച്ചു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it