Editorial

നാറാത്ത് വിധി ഒരു മുന്നറിയിപ്പാണ്

കേരളത്തില്‍ എന്‍ഐഎ ഏറ്റെടുത്ത നാറാത്ത് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നാംപ്രതിക്ക് ഏഴു വര്‍ഷവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വീതവും തടവും പിഴയുമാണ് കോടതി ശിക്ഷവിധിച്ചത്. മെയിന്‍ റോഡരികില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള തുറന്ന കെട്ടിടത്തില്‍ നടന്ന യോഗാ പരിശീലനം ആയുധപരിശീലനമെന്നാക്കി കെട്ടിച്ചമച്ച കുറ്റം ചുമത്തിയാണ് കേരള പോലിസ് കേസെടുത്തത്. ഇറാന്‍ ബന്ധം, വന്‍ പണമിടപാട്, വന്‍ ആയുധശേഖരം തുടങ്ങിയവ ആരോപിച്ച് കേസ് എന്‍ഐഎ ഏറ്റെടുത്തു. സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടാണ് കേസില്‍ യുഎപിഎ ചുമത്തുന്നതിനു കാരണമായത്.
കേസിലെ സാക്ഷിപ്പട്ടികയില്‍ 56 പേരാണുണ്ടായിരുന്നത്. എന്‍ഐഎ-പോലിസ് അന്വേഷണ ഉദ്യോഗസ്ഥരായ എട്ടുപേരും വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ 10 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഞ്ച് ലീഗ് പ്രവര്‍ത്തകരും മൂന്ന് ആര്‍എസ്എസുകാരുമടങ്ങുന്ന ഇവരില്‍ 26 പേരെ മാത്രമാണ് രഹസ്യ വിചാരണയില്‍ കോടതി വിസ്തരിച്ചത്. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന കെട്ടിടത്തിന്റെ സമീപവാസികളെയോ നിഷ്പക്ഷ സാക്ഷികളെയോ വിസ്തരിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥരുടെയും ആര്‍എസ്എസ് നേതാക്കളുടെയും മൊഴികളാണ് കേസില്‍ അടിസ്ഥാനമാക്കിയത്. പ്രതികള്‍ക്കൊപ്പം കണ്ടെടുത്ത ആയുധശേഖരം സംഭവസ്ഥലത്ത് അവരുടെ മുന്നില്‍ സീല്‍ ചെയ്യണമെന്നാണു ചട്ടം. കുറ്റാരോപിതരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനു ശേഷം പിന്നീടാണ് പോലിസ് ആയുധം പ്രദര്‍ശിപ്പിച്ചത്. നാറാത്ത് കേസില്‍ പ്രകടമാവുന്ന അനീതി ഭരണകൂടങ്ങളുടെ വിവേചനസ്വഭാവമാണ് വെളിപ്പെടുത്തുന്നത്. യുഎപിഎ ചുമത്തിക്കഴിഞ്ഞാല്‍ പ്രതികളാവുന്നവര്‍ക്ക് നീതിനിഷേധിക്കപ്പെടുന്നുവെന്ന് ഒരിക്കല്‍ക്കൂടി ഈ വിധി തെളിയിക്കുന്നു.
ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്: കരിനിയമമായ യുഎപിഎയുടെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 21 യുവാക്കളെ കുറ്റവാളികളെന്നു കണ്ടെത്തിയിരിക്കുന്നത്. ടാഡയ്ക്കും പോട്ടയ്ക്കും ശേഷം അവയിലെ മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥകള്‍ മൂര്‍ച്ചകൂട്ടിയാണ് യുഎപിഎ പാര്‍ലമെന്റില്‍ ചുട്ടെടുത്തത്. ഇത്തരം കരിനിയമങ്ങള്‍ക്കെതിരേ വ്യാപകമായി ഉയരുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാവേണ്ടതുണ്ടെന്ന സന്ദേശമാണ് നാറാത്ത് കേസ് വിധി നല്‍കുന്നത്.
ഈ നിയമം പാസാക്കുന്നതിന് പിന്തുണ നല്‍കിയ രാഷ്ട്രീയകക്ഷികളും നേതാക്കളും യുഎപിഎ മനുഷ്യത്വവിരുദ്ധമാണെന്നു മനസ്സിലാക്കി നിലപാട് തിരുത്താന്‍ തയ്യാറാവുന്നുണ്ട്. നിരപരാധികള്‍ ഇരകളായപ്പോള്‍ മാറിനിന്ന് പൊട്ടിച്ചിരിച്ചവരും ഇന്നു കരിനിയമത്തിന്റെ ഭീകരത മനസ്സിലാക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കിയ യഥാര്‍ഥ രാജ്യദ്രോഹികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന സാഹചര്യത്തില്‍ നാറാത്ത് വിധി ഒരു മുന്നറിയിപ്പാണ്; സംഘപരിവാരം സാക്ഷ്യപ്പെടുത്താന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ കരിനിയമങ്ങള്‍ നിരപരാധികള്‍ക്ക് തടവറ ഒരുക്കുമെന്ന മുന്നറിയിപ്പ്. അസത്യവും അനീതിയും കുതന്ത്രങ്ങളും വിജയം നേടിയെന്ന് ആശ്വാസം കൊള്ളുന്നവര്‍ക്ക് അതിന് അവകാശമുണ്ട്. പക്ഷേ, അന്തിമ വിജയം സത്യത്തിനും നീതിക്കുമായിരിക്കുമെന്ന് കാലം സാക്ഷി. ചരിത്രം സാക്ഷി.
Next Story

RELATED STORIES

Share it