നാറാത്ത് കേസ് : 20 പേര്‍ക്ക് അഞ്ചുവര്‍ഷവും ഒരാള്‍ക്ക് ഏഴുവര്‍ഷവും തടവ്്

കൊച്ചി: നാറാത്ത് കേസില്‍ ഒന്നാംപ്രതിക്ക് ഏഴുവര്‍ഷം തടവും രണ്ടു മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാംപ്രതി കണ്ണൂര്‍ മാലൂര്‍ പുതിയവീട്ടില്‍ അബ്ദുല്‍ അസീസ്, രണ്ടാംപ്രതി മുണ്ടേരി പള്ളിക്കചാലില്‍ വീട്ടില്‍ ഫഹദ്, മൂന്നാംപ്രതി നാറാത്ത് പാറയത്ത് വീട്ടില്‍ ജംഷീര്‍, നാലാംപ്രതി കടമ്പൂര്‍ പുതിയപുരയില്‍ വീട്ടില്‍ അബ്ദുല്‍ സമദ്, അഞ്ചാംപ്രതി എടക്കാട് പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സംവ്രീദ്, ആറാംപ്രതി കൂത്തുപറമ്പ് പുരയ്ക്കല്‍ വീട്ടില്‍ നൗഫല്‍, ഏഴാംപ്രതി മുഴപ്പിലങ്ങാട് ബൈത്തുല്‍ റാഹ റിക്കാല്‍, എട്ടാംപ്രതി ആയിഷ വീട്ടില്‍ ജംഷീദ്, ഒന്‍പതാംപ്രതി മുഴപ്പിലങ്ങാട് ഒറ്റക്കണ്ടത്തില്‍ മുഹമ്മദ് ആഷിഖ്, പത്താംപ്രതി മുഴപ്പിലങ്ങാട് ബൈത്തില്‍ ഹംദില്‍ മിസാജ്, 11ാംപ്രതി നിട്ടൂര്‍ ഷഫീറ മഹല്‍ മുഹമ്മദ് അബ്ഷീര്‍, 12ാംപ്രതി എടക്കാട് മര്‍വ മന്‍സില്‍ അജ്മല്‍ പി എം, 13ാംപ്രതി പിണറായി കണിയാന്റവിട ഹാഷിം, 14ാംപ്രതി എടക്കാട് ജമീല മന്‍സില്‍ ഫൈസല്‍, 15ാംപ്രതി എടക്കാട് റുബൈദ വില്ലയില്‍ റബാഹ്, 16ാംപ്രതി മുഴുപ്പിലങ്ങാട് ഷിജിനാസില്‍ ഷിജിന്‍, 17ാംപ്രതി പിണറായി ബൈത്തുല്‍ അലീമയില്‍ നൗഷാദ്, 18ാംപ്രതി മുഴപ്പിലങ്ങാട് സുഹറ മന്‍സിലില്‍ സുഹൈര്‍, 19ാംപ്രതി കേളപ്പന്‍മുക്കില്‍ സുബൈദ മഹല്‍ അജ്മല്‍ സി എം, 20ാംപ്രതി മുഴപ്പിലങ്ങാട് മറീന മന്‍സിലില്‍ ഷഫീഖ്, 21ാംപ്രതി മുഴപ്പിലങ്ങാട്, ഷര്‍മിനാസില്‍ റഷീദ് എന്നിവരെയാണ് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ്‌കുമാര്‍ ശിക്ഷിച്ചത്.
കേസിലെ 22ാംപ്രതി കമ്പില്‍ കുമ്മായക്കടവ് സ്വദേശി കമറുദ്ദീനെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോടതി വെറുതെവിട്ടു. 2013 ഏപ്രില്‍ 23നു കണ്ണൂര്‍ നാറാത്തെ തണല്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ കൂടിയിരുന്നുവെന്നു ആരോപിക്കുന്ന ആളുകളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. സംഭവ ദിവസം മുതല്‍ എല്ലാവരും ജയിലില്‍ കഴിയുകയായിരുന്നു. ജയിലില്‍ കഴിഞ്ഞ കാലാവധിയില്‍ ശിക്ഷയിളവ് കോടതി അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റത്തിന് ആറു മാസം തടവും അന്യായമായി സംഘം ചേര്‍ന്ന കുറ്റത്തിന് ആറുമാസം തടവും ആയുധ നിയമത്തിലെ വകുപ്പ് 5(1) (എ)യും വകുപ്പ് 27ഉം പ്രകാരം മൂന്നുവര്‍ഷത്തെ തടവും സ്‌ഫോടകവസ്തു നിയമത്തിലെ വകുപ്പ് നാല് പ്രകാരം അഞ്ചുവര്‍ഷത്തെ തടവും 1,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
സ്‌ഫോടകവസ്തു നിയമത്തിലെ വകുപ്പ് 5 പ്രകാരം അഞ്ചുവര്‍ഷത്തെ തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 18 പ്രകാരം അഞ്ചുവര്‍ഷം തടവും 1,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എല്ലാ കുറ്റങ്ങളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതുകൂടാതെ ഒന്നാംപ്രതിക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ)യും 153(ബി)യും പ്രകാരം ഒരോ വര്‍ഷം വീതം അധിക തടവും അനുഭവിക്കണം. കേസില്‍ 26 പേരെ എന്‍ഐഎ സാക്ഷികളായും ഒരാളെ പ്രതിഭാഗം സാക്ഷിയായും വിസ്തരിച്ചു.
പ്രോസിക്യുഷന്‍ 109 രേഖകളും പ്രതിഭാഗം 10 രേഖകളും 38 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കേസിലെ രണ്ടാംസാക്ഷി നാറാത്ത് സ്വദേശി കെ എന്‍ നാരായണന്‍, മൂന്നാംസാക്ഷി നാറാത്ത് സ്വദേശി സി പി ഹരീഷ് എന്നിവരുടെ മൊഴികളാണ് പ്രതികളെ ശിക്ഷിക്കുന്നതിനായി കോടതി കണ്ടെത്തിയത്. പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it