wayanad local

നാരോക്കടവ് ക്വാറിക്കെതിരേ നാട്ടുകാര്‍ സമരം തുടങ്ങി

വെള്ളമുണ്ട: നാരോക്കടവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ നാട്ടുകാര്‍ സമരം തുടങ്ങി. വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ സര്‍വേ നമ്പര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ശില ബ്രിക്‌സ് ആന്റ് ഗ്രാനൈറ്റ് ക്വാറിക്കെതിരേയാണ് സമീപവാസികള്‍ സംഘടിച്ച് സമരത്തിനെത്തിയത്.
സമീപത്ത് കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഇ കെ ഗോപി, പള്ളിപ്പുറം ജോസ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായും ബാണാസുരമലയിലെ പാറഖനനമാണ് ദുരന്തത്തിനിടയാക്കിയതെന്നും സമരക്കാര്‍ ആരോപിച്ചു. വാളാരംകുന്നിലുള്‍പ്പെടെ ഉരുള്‍പൊട്ടലുണ്ടായെന്ന കാരണത്താല്‍ 300 മീറ്റര്‍ മാത്രം അകലെയുള്ള അത്താണി ക്വാറിയുടെ തുടര്‍പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ നാരോക്കടവിലെ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം.
വില്ലേജില്‍ നികുതി പോലും സ്വീകരിക്കാത്ത ഭൂമിയിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഖനനം നടത്തുന്നത്. ബാണാസുരയുടെ താഴ്‌വാരത്തുള്ള ഖനനം തുടര്‍ന്നാല്‍ ഇനിയൊരു പ്രളയമുണ്ടായാല്‍ തങ്ങളുടെ വീടും സ്വത്തും നഷ്ടപ്പെടുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഖനനം നടത്തുന്ന ഭൂമി സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്ഥലം മാറി ഖനനം നടത്തിയന്നതിന്റെ പേരില്‍ 12 ലക്ഷം രൂപ പിഴയടച്ച ശേഷമാണ് നിലവില്‍ മറ്റൊരു സ്ഥലത്ത് പാറ പൊട്ടിക്കുന്നത്. ഖനനം നടത്താന്‍ പാടില്ലാത്ത പട്ടയഭൂമിയിലുള്ള ഖനനം അവസാനിപ്പിക്കുന്നതു വരെ സമരം തുടരുമെന്ന് നാരോക്കടവ് മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
നാരോക്കടവില്‍ നിന്നും ക്വാറിയിലേക്ക് നടത്തിയ മാര്‍ച്ച് ക്വാറിക്ക് സമീപം വെള്ളമുണ്ട പോലിസ് തടഞ്ഞു. തുടര്‍ന്ന് റോഡിലിരുന്ന് ഗതാഗതം തടസപ്പെടുത്തിയ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ആര്‍ വി പുരുഷോത്തമന്‍, ഐ സി തോമസ്, സ്റ്റീഫന്‍, ഫിലിപ്പ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it