നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവും

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി മുന്‍ കേന്ദ്രമന്ത്രി വി നാരായണസ്വാമിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ഇതോടെ അദ്ദേഹം പുതുച്ചേരിയിലെ പുതിയ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായി. നാരായണസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നു പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരും ആവശ്യപ്പെട്ടതായി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളായ ഷീലാദീക്ഷിതും മുകുള്‍വാസ്‌നികും പറഞ്ഞു. പിസിസി അധ്യക്ഷന്‍ എ നമശ്ശിവായം നാരായണസ്വാമിയുടെ പേര് നിര്‍ദേശിച്ചു. മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം പിന്താങ്ങി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാരായണസ്വാമി പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രിയായിരുന്നു. ആദ്യ യുപിഎ സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും. മെയ് 16നു നടന്ന തിരഞ്ഞെടുപ്പില്‍ സ്വാമി മല്‍സരിച്ചിരുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അദ്ദേഹത്തിനു ജയിക്കേണ്ടിവരും. മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കാന്‍ സ്വാമി ലഫ്. ഗവര്‍ണറെ കാണും. 30 അംഗ നിയമസഭയില്‍ 15 സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്.
Next Story

RELATED STORIES

Share it