ernakulam local

നായരമ്പലം കടപ്പുറത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി

വൈപ്പിന്‍: ചുഴലിക്കാറ്റിനെതുടര്‍ന്ന് വീടകള്‍ തകരുകയും വെള്ളം കയറി മാലിന്യം അടിഞ്ഞുകൂടുകയും ചെയ്ത നായരമ്പലം വെളിയത്താംപറമ്പ് തീരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. ഈപ്രദേശത്തെ 431 കുടുംബങ്ങളാണ് ദേവിവിലാസം യുപി സ്‌കൂളിലെ ക്യാംപിലുള്ളത്.
വൈപ്പിന്‍കരയില്‍ ഉണ്ടായിരുന്ന നാലു ക്യാംപുകളില്‍ ഇതു മാത്രമാണ് ഇപ്പോഴും തുടരുന്നത്. എടവനക്കാട് ഗവ. യുപി സ്‌കൂളിലെ ക്യാംപിലുണ്ടായിരുന്നവര്‍ ചൊവ്വാഴ്ച രാവിലെ വീടുകളിലേക്കു പോയി. അതേസമയം കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നായരമ്പലം ദേവി വിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഇനിയും ശേഷിക്കുന്ന തിരികെപോവില്ലെന്ന് മുന്നറിയിപ്പ് നല്‍കി. നായരമ്പലത്ത് കടല്‍ക്ഷോഭത്തില്‍ പെട്ട  ചിരട്ടപ്പുരക്കല്‍ വിജയകുമാരി, മാവുങ്കശ്ശേരി അംബ്രോസ്, തേവര്‍കാട്ട് ബെറ്റി
അഗസ്റ്റിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.  കൂടാതെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിരുന്നു. എന്നാല്‍ ഇവ പുനര്‍ നിര്‍മിക്കുന്നതിനും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കു—ന്നതിനും അധികൃതര്‍ ഇതുവരെ യാതൊരു പരിഹാരമാര്‍ഗങ്ങളും മുന്നോട്ട് വച്ചിട്ടില്ലെന്നാണ് ദുരിത ബാധിതര്‍ പറയുന്നത്.
കടല്‍ഭിത്തി നിര്‍മാണം, പുലിമുട്ട്  നിര്‍മാണം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാഭരണാധികാരിയോ മറ്റ് സര്‍ക്കാര്‍ കേന്ദ്രങ്ങളോ കൃത്യമായ ഉറപ്പ് നല്‍കാതെ തിരികെ വീടുകളിലേക്ക് പോവുന്ന പ്രശ്‌നമില്ലന്നാണ് ക്യാംപില്‍ കഴിയുന്നവര്‍ പറുന്നത്. മാത്രമല്ല  കടല്‍വെള്ളവും മഴവെള്ളവും ഒഴുകിപ്പോവാന്‍ നായരമ്പലം തീരദേശ റോഡിനു കുറുകെ സ്ഥാപിച്ചട്ടുള്ള 37 ഓളം വരുന്ന കുഴലുകള്‍ മാറ്റി അവിടെ കല്‍വര്‍ട്ടുകള്‍ നിര്‍മിക്കണം. തീരദേശ റോഡിനു സമാന്തരമായി കിടക്കുന്ന തോടുകള്‍ ചവറുകള്‍ വാരി മാറ്റി നീരൊഴുക്ക് ഉണ്ടാക്കുകയും ഇവ ബന്ദര്‍ കനാലുമായി ബന്ധിപ്പിക്കുകയും വേണം.
ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നിത്യവും ക്യാംപില്‍ എത്തി വിശേഷങ്ങള്‍ അറിയുന്നുണ്ടെങ്കിലും ഒരാളും ദുരന്തത്തില്‍പ്പെട്ട നായരമ്പലം പുത്തന്‍ കടപ്പുറത്തെ തകര്‍ന്ന വീടുകളോ സ്ഥലമോ സന്ദര്‍ശിക്കാതിരുന്നതില്‍ ദുരിത ബാധിതര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷി യോഗ തീരുമാനത്തെതുടര്‍ന്ന് തീരപ്രദേശത്ത് ശുചീകരിക്കുന്ന പ്രവര്‍ത്തനം നടന്നു. പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനസംഘടനാ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സംഘടിതമായി ചേര്‍ന്നാണ് തീരദേശത്തെ വീടുകള്‍ ശുചീകരിച്ചത്.
നാനൂറോളംപേര്‍ ഇതില്‍ സഹകരിച്ചു. മൂന്നു ജെസിബികള്‍ ഉപയോഗിച്ച് തോടുകളെല്ലാം വെള്ളം ഒഴുകുംവിധം സജ്ജീകരിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു, എ കെ ഉല്ലാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എടവനക്കാട് ഗവ. യുപി സ്‌കൂളില്‍ താമസിച്ചിരുന്ന 26 കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി.
Next Story

RELATED STORIES

Share it