നായകനെച്ചൊല്ലിയുള്ള വിവാദം ചര്‍ച്ചാവിഷയമല്ല: മുഖ്യമന്ത്രി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും നായകന്‍ ആരെന്നതു ചര്‍ച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നായകന്‍ ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിന് എല്ലാകാലത്തും അതിന്റേതായ നടപടിക്രമമുണ്ട്. ആ നടപടിക്രമമാണ് കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്നത്. ഹൈക്കമാന്‍ഡ് ഒക്കെ ഇടപെടുന്ന വിഷയമാണത്. നായകന്‍ ആരെന്ന ചര്‍ച്ച ഇപ്പോള്‍ യുഡിഎഫിന്റെ അജണ്ടയിലില്ല. യുഡിഎഫിന്റെ ശക്തി ഐക്യമാണ്. യുഡിഎഫ് ഒറ്റക്കെട്ടായി ഒരേ മനസ്സോടെയാണു നീങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയമെല്ലാം ഒരു വ്യക്തിയുടേയോ കുറേപ്പേരുടേയോ വിജയമല്ല. കൂട്ടായ വിജയമാണ്. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജേക്കബ് തോമസിനെതിരേ പലഭാഗത്തുനിന്നും എതിര്‍പ്പും വിമര്‍ശനവും ഉണ്ടായപ്പോള്‍ മന്ത്രിസഭ ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പരാതിയും കിട്ടിയിട്ടില്ല എന്നതു ശരിയാണ്. എഴുതിത്തയ്യാറാക്കിയ പരാതി കിട്ടിയിട്ടില്ല. വിവിധ കോണുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വിമര്‍ശനമുണ്ടായി. അപ്പോഴാണു നടപടിയെടുത്തത്. അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളിക്കെതിരേ പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it