നാമനിര്‍ദേശം: തലസ്ഥാനത്തെ സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് സ്ഥാവരജംഗമവസ്തുക്കളില്‍നിന്നായി ആകെ 7.45 കോടി രൂപയുടെ ആസ്തിയാണു സ്വന്തമായുള്ളത്. അതേസമയം, അദ്ദേഹത്തിന്റെ കൈവശം ആകെയുള്ളത് 20,000 രൂപയാണ്. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപവും സബ്ട്രഷറി ഉള്‍പ്പെടെ വിവിധ ബാങ്കുകളിലായി 32.77 ലക്ഷത്തിന്റെ സേവിങ്‌സ് ബാങ്ക് നിക്ഷേപവുമുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
കാട്ടാക്കടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ശക്തന്റെ സ്ഥാവരജംഗമവസ്തുക്കളുടെ മൊത്തം ആസ്തി 2,34,010 രൂപയാണ്. ഭാര്യയുടെ പേരിലുള്ള സ്ഥാവരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപ. ഇരുവരുടെയും പേരില്‍ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപയാണ്.
കഴക്കൂട്ടത്തുനിന്ന് മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പക്കലുള്ളത് 15,000 രൂപ. വിവിധ കോടതികളിലായി 45 പോലിസ് കേസുകളും അദ്ദേഹത്തിനെതിരായുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. കടകംപള്ളി സ്‌റ്റേറ്റ് കോ- ഓപറേറ്റീവ് ബാങ്കില്‍ 10,000 രൂപയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കാംപസിലെ എസ്ബിടി ശാഖയില്‍ 930 രൂപയും ജില്ലാ ട്രഷറിയില്‍ 24,141 രൂപയുടെയും നിക്ഷേപമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ 10,000 രൂപയുടെ ഓഹരിയും കടകംപള്ളി സുരേന്ദ്രന്റെ പേരിലുണ്ട്. തന്റെ പേരില്‍ വിവിധ കോടതികളിലായി 45 കേസുകള്‍ നിലവിലുള്ളതായും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷനും വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 10,000 രൂപയും ബാങ്കില്‍ 34,614 രൂപയുമുണ്ട്. കുമ്മനത്തിന് കോട്ടയം അയ്മനം വില്ലേജില്‍ 25.5 സെന്റ് ഭൂമിയുണ്ട്. ജന്‍മഭൂമിയില്‍ 5,100 രൂപയുടെ ഓഹരിയുണ്ട്. കഴക്കൂട്ടത്തുനിന്ന് മല്‍സരിക്കുന്ന ബിജെപി മുന്‍ അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി മുരളീധരനു സ്വന്തമായി ഭൂമിയില്ല. ഭാര്യയുടെ പേരില്‍ (ഭാര്യാ സഹോദരനും കൂടി) ആലപ്പുഴ പാലമേല്‍ വില്ലേജില്‍ 53 സെന്റ് കുടുംബസ്വത്തുണ്ട്. കോഴിക്കോട് കേച്ചേരി വില്ലേജില്‍ രണ്ടുസെന്റ് ഭാര്യയുടെ പേരിലുണ്ട്. പണമായി കൈയില്‍ 1,000 രൂപയേയുള്ളൂ. ആറുഗ്രാമിന്റെ സ്വര്‍ണമോതിരവും ബാങ്കില്‍ 56,791 രൂപ 75 പൈസയുമുണ്ട്. ഭാര്യയുടെ കൈയില്‍ 2,000, ബാങ്കില്‍ 39,381 രൂപയുടെ നിക്ഷേപവുമുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ താന്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴു കേസുകളുണ്ടെങ്കിലും ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും മുരളീധരന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
കെ എം മാണിയുടെ കൈവശം 40,000 രൂപ; സ്വന്തമായി 6.86 ഏക്കര്‍
കോട്ടയം: പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുന്‍ ധനമന്ത്രി കെ എം മാണിയുടെ കൈവശം പണമായുള്ളത് 40,000 രൂപ. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സ്വത്തുവിവരമുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാല്‍ ഒരു രൂപയുടെ പോലും സ്വര്‍ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ലെന്നും പത്രികയില്‍ പറയുന്നു.
പാലാ എസ്ബിഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യന്‍ ബാങ്ക്, മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബര്‍ ടയേഴ്‌സിലടക്കം ഷെയറുമുണ്ട്. അതേസമയം ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46 ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്.
Next Story

RELATED STORIES

Share it