kozhikode local

നാദാപുരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

നാദാപുരം: സംസ്ഥാന പാതയില്‍ ഗവ യുപി സ്‌കൂളിന് എതിര്‍ വശത്തെ പറമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു.കാറില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. പുളിയാവ് സ്വദേശി തൈയ്യുള്ളതില്‍ നൗഫലിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിചാമ്പലായത്. കാര്‍ നിര്‍ത്തി നൗഫല്‍ സമീപത്തെ കടയില്‍ പോയതായിരുന്നു.
എസി ഓണ്‍ ചെയ്ത കാറില്‍ നൗഫലിന്റെ സുഹൃത്ത് കുനിയില്‍ ഇസ്മായില്‍ ഉറങ്ങുകയായിരുന്നു. പറമ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ ബ്യൂട്ടി ടെയലറിംഗ് ഷോപ്പ് ഉടമ നാദാപുരം സ്വദേശി ചിറക്കല്‍ രാജനാണ് കാറിന് തീ പിടിച്ചത് കണ്ട് ഖാറിനകത്തുണ്ടായിരുന്ന ഇസ്മായിലിനെ വിളിച്ചുണര്‍ത്തിയത്. ഇസ്മായില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയെങ്കിലും എഞ്ചിന്‍ ഉള്‍പ്പെടെയുള്ള മുന്‍ ഭാഗത്തേക്ക് തീ പടര്‍ന്ന് പിടിച്ചിരുന്നു.
ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നെന്ന് ഇസ്മായില്‍ പറഞ്ഞു. സമീപത്ത് തന്നെ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉടന്‍ എടുത്ത് മാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചേലക്കാട് നിന്നെത്തിയ സ്‌റ്റേഷന്‍ ഓഫീസര്‍ പി കെ ബാസിത്തിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം പോലീസും സ്ഥലത്തെത്തിയിരുന്നു. കാറിന് പരിസരത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീ വെക്കുന്നത് പതിവണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it