നാദാപുരത്ത് ചെങ്കൊടി പിഴുത വീര്യവുമായി ഹമീദലി ഷംനാട്

അബ്ദുറഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ ഹമീദലി ഷംനാട് പ്രായാധിക്യത്തിന്റെ ഓര്‍മപ്പിശകിലും തന്റെ ചരിത്ര വിജയത്തിന്റെ സ്മരണകള്‍ കെടാതെ കാത്തുസൂക്ഷിക്കുന്നു.
മണ്ഡലം രൂപീകരണകാലം മുതല്‍ ചെങ്കൊടിയെ മാത്രം പുല്‍കിയ കോഴിക്കോട് ജില്ലയിലെ നാദാപുരം നിയമസഭാ മണ്ഡലത്തില്‍ ഹമീദലി ഷംനാടിന്റെ കൈയൊപ്പ് പതിഞ്ഞത് 1960ല്‍. വിമോചന സമരത്തെ തുടര്‍ന്ന് ഇഎംഎസ് മന്ത്രിസഭ രാജി വച്ചതിനെ തുടര്‍ന്ന് 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാരുടെ പ്രിയങ്കരനായ സഖാവ് സി എച്ച് കണാരനെ മലര്‍ത്തിയടിച്ചാണ് ഷംനാട് മണ്ഡലത്തില്‍ ഹരിത പതാക ഉയര്‍ത്തിയത്.
ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഷംനാട് നാദാപുരത്ത് മല്‍സരിക്കാന്‍ തയ്യാറായത്. മലയാളത്തില്‍ ശരിക്ക് പ്രസംഗിക്കാന്‍ പോലും അറിയാത്ത ഷംനാടിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ എതിര്‍ ക്യാംപുകള്‍ ഏറെ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 6987 വോട്ടുകള്‍ക്ക് ഹമീദലി ഷംനാട് വിജയിച്ചു. ഷംനാടിന് 34,833 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സി എച്ച് കണാരന് 27,846 വോട്ടുകളുമാണ് ലഭിച്ചത്. അങ്ങനെ അഞ്ച് വര്‍ഷം നാദാപുരത്തിന്റെ കമ്യൂണിസ്റ്റിതര എംഎല്‍എ ആയി ഷംനാട് ചരിത്രത്തില്‍ ഇടം നേടി.
1967ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കര്‍ണാടക സമിതിയിലെ യു പി കുനിക്കുല്ലായയോട് ഏറ്റുമുട്ടി 95 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
1970 മുതല്‍ 79 വരെ രണ്ട് തവണ രാജ്യസഭാംഗമായി. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി എച്ച് മുഹമ്മദ് കോയ, എ കെ രിഫായി, ജി എം ബനാത്ത്‌വാല എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പിഎസ്പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1956ല്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു. ബാഫഖി തങ്ങള്‍ ലീഗ് പ്രസിഡന്റായപ്പോള്‍ സെക്രട്ടറിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റ്, ഖജാഞ്ചി, ഹൈപവര്‍ കമ്മിറ്റി അംഗം, അഖിലേന്ത്യാ മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി, കാസര്‍കോട് ജില്ലാ ലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1961ല്‍ സംസ്ഥാന റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, പിഎസ്‌സി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1985 മുതല്‍ 89 വരെ കാസര്‍കോട് നഗരസഭ ചെയര്‍മാനായിരുന്നു.
Next Story

RELATED STORIES

Share it