നാദാപുരത്ത് ഐഇഡി ബോംബ് കണ്ടെത്തി

നാദാപുരം: ആവോലത്ത് റോഡരികില്‍ ഐഇഡി ബോംബ് കണ്ടെത്തി. ആവോലം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ്് ബോംബ് കണ്ടെത്തിയത്.
ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ പ്ലാസ്റ്റിക് കവറില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ വസ്തു കണ്ടതിനെ തുടര്‍ന്ന് നാദാപുരം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂം പോലിസെത്തി ബോംബ് സ്‌റ്റേഷനിലേക്ക് മാറ്റിയ ശേ ഷമാണ് ഉഗ്രശേഷിയുള്ള ഐഇഡി ബോംബാണെന്ന് സ്ഥിരീകരിച്ചത്. ബോംബ് സ്‌ക്വാഡ് ബോംബിന്റെ വയര്‍ മുറിച്ച് കണക്ഷന്‍ വിച്ഛേദിച്ചു.
വെടിമരുന്ന്, ബാറ്ററി, സര്‍ക്യൂട്ട് ബോര്‍ഡ് മുതലായവ എട്ടിഞ്ച് നീളമുള്ള പിവിസി പൈപ്പും, ടൈമറും, തിരിയും വയറും ഘടിപ്പിച്ച നിലയിലായിരുന്നു. ഇതിന് മുമ്പ് തൂണേരിയിലും കല്ലാച്ചിയിലും ഇത്തരത്തിലുള്ള ഐഇഡി മോഡല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, രണ്ട് തവണയും സര്‍ക്യൂട്ടും വയറുകളും ഉണ്ടെങ്കിലും വെടിമരുന്ന് ഉണ്ടായിരുന്നില്ല. അതേ പോലുള്ള വ്യാജ ബോംബായിരിക്കുമെന്ന നിഗമനത്തിലായിരുന്നു പോലിസ്.
കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഐഇഡി ബോംബ് ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജമായി കണ്ടെത്തുന്നതെന്ന് പോലിസ് പറഞ്ഞു.  ക്ഷേത്ര പരിസരവും റോഡിലും  ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് എസ്‌ഐ സുധാകരന്‍, എഎസ്‌ഐ എം എം ഭാസ്‌കരന്‍, കെ എസ് ശ്രീജിത്, കെ വി സുമേഷ്, എം സി വിനീഷ്, നവാസ്, സിദ്ദീഖ്. ഡോഗ് സ്‌ക്വാഡ് അംഗം കെ സുബീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it