kozhikode local

നാദാപുരം: വേനലവധിക്ക് വിദ്യാര്‍ഥി സംഘര്‍ഷം ഇല്ലാതാക്കന്‍ പോലിസ്

നാദാപുരം: മധ്യവേനല്‍ അവധിക്ക് സ്‌കൂള്‍ പൂട്ടുന്ന ദിവസം വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ മധ്യവേനല്‍ അവധിക്ക് സ്‌കൂള്‍ അടക്കുന്ന ദിവസം പലയിടങ്ങളിലും വിദ്യാര്‍ഥി സംഘര്‍ഷം ഉണ്ടാവുകയും അതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലിസിന്റെ ഈ നടപടി.
പരീക്ഷ കഴിയുന്ന മുറയ്ക്ക് വിദ്യാര്‍ഥികളെ കാംപസില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ കാംപസ് വിട്ടുപോകാനുള്ള നടപടികള്‍ അധ്യാപകര്‍ സ്വീകരിക്കണമെന്നും പോലിസ് ആവശ്യപ്പെടുന്നു. യൂനിഫോം ധരിക്കാതെ കാംപസ് പരിസരങ്ങളില്‍ കാണുന്നവരെപ്പറ്റി അധ്യാപകര്‍ പോലിസിനെ അറിയിക്കണം. സ്‌കൂള്‍ അടക്കുന്ന ദിവസം പിടിഎ ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കാംപസിലും പുറത്തും ഉറപ്പാക്കണം.
28ന് മുമ്പ് പിടിഎ യോഗം വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ രക്ഷിതാക്കളോട് വിശദീകരിക്കണം. നേരത്തെ ഏതെങ്കിലും തരത്തില്‍ അച്ചടക്ക ലംഘനമുണ്ടാക്കിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഉണ്ടെങ്കില്‍ സ്‌കൂള്‍ പൂട്ടുന്ന ദിവസം ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സാന്നിധ്യം സ്‌കൂളില്‍ ഉറപ്പാക്കണം.    ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കണം.
കാംപസിനകത്തും പുറത്തും ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമുണ്ടായാല്‍ കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലിസ് സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിയമാനുസൃതമല്ലാതെ വാഹനങ്ങള്‍ ഓടിച്ച് സ്‌കൂളില്‍ വന്നാല്‍ വാഹനം പിടിച്ചെടുത്ത് കോടതിയില്‍ നല്‍കുമെന്നും രക്ഷിതാക്കളുടെ പേരില്‍ ബാലനീതി നിയമപ്രകാരം കേസ് എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഘട്ടന സാധ്യതയുള്ള സ്‌കൂളുകള്‍ മഫ്ടി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.
Next Story

RELATED STORIES

Share it