kozhikode local

നാദാപുരം ഗവ. കോളജ് പ്രവൃത്തി സ്തംഭനാവസ്ഥയില്‍

നാദാപുരം: രണ്ടു വര്‍ഷം മുമ്പ് പണി ആരംഭിച്ച നാദാപുരം ഗവ. കോളജ് കെട്ടിട നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഈ വര്‍ഷത്തെ മഴയത്ത് നനഞ്ഞ് കുതിര്‍ന്ന കെട്ടിടം നാശത്തിലേക്ക്. കിണമ്പ്രക്കുന്നിലെ കോളജ് പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷം. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. നാദാപുരം ഗവ. കോളജിനു വേണ്ടി നാട്ടുകാര്‍ വാങ്ങിച്ചു നല്‍കിയ കിണമ്പ്രക്കുന്നില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. ഗ്രൗണ്ട് ഫ്‌ളോറിന്റെയും ഒന്നാം നിലയുടെയും പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം നിലയുടെ പണിക്ക് ഇതുവരെ ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഫണ്ട് അനുവദിക്കാത്തതിനാല്‍ മാസങ്ങളായി പണി മുടങ്ങിക്കിടക്കുകയാണ്. മാത്രമല്ല, രണ്ടാം നിലയിലേക്കുള്ള കോണിയുടെ ഭാഗം തുറന്നിരിക്കുന്നതിനാല്‍ ഒന്നാം നിലയില്‍ വെള്ളം തളം കെട്ടി നിന്ന് കെട്ടിടത്തിന് കേടുപറ്റിയിട്ടുണ്ട്. നിലം നനഞ്ഞ് കുതിര്‍ന്നിരിക്കുകയാണ്. സാമൂഹികവിരുദ്ധരുടെ വിഹാര കേന്ദ്രമായ ഇവിടെ പെയിന്റ് ചെയ്ത ചുവരുകള്‍ പൂര്‍ണമായും വികൃതമാക്കിയിട്ടുണ്ട്. കോളജിന്റെ ഗ്ലാസ് ചില്ലും അടിച്ചു തകര്‍ത്തിട്ടുണ്ട്. സാമൂഹികവിരുദ്ധരുടെ ചെയ്തിക്കെതിരേ പ്രിന്‍സിപ്പല്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് ബിരുദ കോഴ്‌സുകളുള്ള ഇവിടെ ക്ലാസെടുക്കാനായി മാത്രം പത്തൊമ്പത് ക്ലാസ് മുറികള്‍ വേണം. രണ്ട് നിലയിലായി എട്ട് മുറികളുടെ പണിയാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഒരു നില കൂടി പണി പൂര്‍ത്തിയാക്കിയാല്‍, ഒരു താല്‍ക്കാലിക ഷെഡ് കൂടി പണിത് ക്ലാസുകള്‍ ഇവിടേക്ക് മാറ്റാനായിരുന്നു ശ്രമം. നിലവില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്ഥലത്ത് നിന്നും ഒഴിവാകാന്‍ ഈ അധ്യയന വര്‍ഷത്തിന് മുമ്പ് തന്നെ പ്രിന്‍സിപ്പലിനോട് ആവശ്യപ്പട്ടിരുന്നു.എന്നാല്‍ ഈ ഡിസംബറോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പണി നടത്താന്‍ ഫണ്ട് അനുവദിച്ചു കിട്ടാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. പത്തൊമ്പത് ക്ലാസ് മുറികളും, ലാബ്, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം തുടങ്ങി മുപ്പതോളം മുറികള്‍ പണിതാല്‍ മാത്രമേ കോളജ് പൂര്‍ണമായി ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഇതിനായി അടിയന്തരമായി ഫണ്ട് അനുവദിക്കാത്ത പക്ഷം നിലവില്‍ നിര്‍മിച്ച രണ്ട് നിലകള്‍ കൂടി നനഞ്ഞ് കെട്ടിടം ഉപയോഗ യോഗ്യമല്ലാതാവും. പുതിയ ഒരു ബ്ലോക്ക് കൂടി പണിതാല്‍ മാത്രമേ കോളജ് പൂര്‍ണമായി സ്ഥിരം കെട്ടിടത്തില്‍ ആയി തീരുക. അതിന് വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

Next Story

RELATED STORIES

Share it