നാദാപുരം-കുറ്റിയാടി വച്ചുമാറല്‍: ലീഗില്‍ വിഭാഗീയത രൂക്ഷം

പി സി അബ്ദുല്ല

വടകര: നാദാപുരം സീറ്റ് മുസ്‌ലിംലീഗിനു നല്‍കി കുറ്റിയാടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടും ലീഗിലെ വിഭാഗീയത കാരണം തീരുമാനം നീളുന്നു. കുറ്റിയാടി സീറ്റില്‍ കണ്ണുവച്ച നേതാവിനുവേണ്ടി കെഎംസിസി സമ്മര്‍ദ്ദം ചെലുത്തുന്നതാണ് ലീഗിനു തലവേദനയായിരിക്കുന്നത്. നാദാപുരം-കുറ്റിയാടി സീറ്റുകള്‍ കോണ്‍ഗ്രസ്സും ലീഗും വച്ചുമാറിയാല്‍ ഇക്കുറി രണ്ടിടത്തും യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവ വച്ചുമാറാന്‍ ചര്‍ച്ചകള്‍ നടന്നത്. കുറ്റിയാടി ലഭിക്കുന്ന പക്ഷം അഡ്വ. പി എം സുരേഷ്ബാബുവിനെ സ്ഥാനാര്‍ഥിയാക്കാനും കോണ്‍ഗ്രസ്സില്‍ ധാരണയായിരുന്നു.
കുറ്റിയാടിക്കു പകരം നാദാപുരം ലഭിക്കുന്നതോടെ സൂപ്പി നരിക്കാട്ടേരി സ്ഥാനാര്‍ഥിയാവാന്‍ സാധ്യത തെളിഞ്ഞതോടെയാണ് ലീഗില്‍ വിഭാഗീയത തലപൊക്കിയത്. ലീഗിന്റെ കുറ്റിയാടി സീറ്റിലേക്കു നേരത്തേ തന്നെ പാര്‍ട്ടി ജില്ലാ ട്രഷററും ഏറാമല സ്വദേശിയുമായ കെഎംസിസി നേതാവ് പാറക്കല്‍ അബ്ദുല്ലയുടെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, പകരം ലഭിക്കുന്ന നാദാപുരം സീറ്റില്‍ ഈ നേതാവിനേക്കാള്‍ പാര്‍ട്ടി അണികള്‍ക്കു സ്വീകാര്യന്‍ സൂപ്പി നരിക്കാട്ടേരിയാണ്.
കുറ്റിയാടി സീറ്റ് കോണ്‍ഗ്രസ്സിനു നല്‍കുന്നതോടെ കെഎംസിസി നേതാവിന് സീറ്റ് ലഭിക്കില്ലെന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് മണ്ഡലങ്ങള്‍ വച്ചുമാറുന്നതിനെതിരേ ഒരുവിഭാഗം രംഗത്തുവന്നത്. 15 വര്‍ഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും അഞ്ചു വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്നു വര്‍ഷം ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ സൂപ്പി നരിക്കാട്ടേരിയെ വികസന നായകനെന്ന തലത്തില്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നാദാപുരം മണ്ഡലം പിടിച്ചടക്കാമെന്ന ലീഗിന്റെ വിലയിരുത്തലിനോട് കോണ്‍ഗ്രസ്സിനും യോജിപ്പുണ്ട്.
നാദാപുരത്ത് സൂപ്പി നരിക്കാട്ടേരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ക്കും യോജിപ്പാണ്. എന്നാല്‍, മണ്ഡലം വച്ചുമാറരുതെന്നും കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുല്ലയെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് കെഎംസിസിയുടെയും പ്രവാസി ലീഗിന്റെയും നേതാക്കള്‍ പാണക്കാട് ഹൈദരലി തങ്ങളുമായി ബന്ധപ്പെട്ടതോടെ മണ്ഡലം വച്ചുമാറാനുള്ള തീരുമാനം തങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായാണു സൂചന. കുറ്റിയാടിയിലാണെങ്കില്‍ ഇത്തവണ മല്‍സരത്തിനില്ലെന്ന് സൂപ്പി നരിക്കാട്ടേരി ലീഗ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it