kozhikode local

നാദാപുരം: ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍

നാദാപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടവും പൂര്‍ത്തിയാവുമ്പോള്‍ നാദാപുരം ആരെ വരിക്കുമെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. പതിറ്റാണ്ടുകളോളം എല്‍ഡിഎഫിനെ മാത്രം സ്വീകരിച്ച മണ്ഡലം ഇക്കുറി പതിവ് തെറ്റിക്കുമോ എന്നാണ് അവര്‍ക്കറിയേണ്ടത്. സത്യന്‍ മൊകേരി, ബിനോയ് വിശ്വം തുടങ്ങി ഉന്നത സിപിഐ നേതാക്കളെ നിയമസഭയിലേക്കയച്ച നാദാപുരത്തെ കഴിഞ്ഞ അഞ്ചുവര്‍ഷം സിപിഐയിലെ തന്നെ ഇ കെ വിജയനെയാണ് നയിച്ചത്.
എംഎല്‍എ എന്ന നിലയില്‍ വിജയന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ടഭ്യര്‍ഥിച്ചത്. മുച്ചൂടും അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധവും നിലവിലെ എംഎല്‍എ എന്ന നിലയിലുള്ള വിജയന്റെ പ്രതിഛായയും നാദാപുരത്തിന്റെ പാരമ്പര്യം കാക്കാന്‍ തങ്ങളെ സഹായിക്കുമെന്നാണ് ഇടത് മുന്നണി പ്രവര്‍ത്തകരുടെ ഉറച്ച വിശ്വാസം.
എന്നാല്‍, ഏറെകാലം ഇടത് മുന്നണിയെ പുല്‍കിയ മണ്ഡലം ഇത്തവണ തങ്ങളെ തുണക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വന്നിട്ടുണ്ട് എന്നാണ് യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മ വിശ്വാസം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാദാപുരത്ത് യുഡിഎഫിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ മുന്‍തൂക്കം അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഏജന്റ് കൂടിയായിരുന്ന പ്രവീണ്‍കുമാര്‍ ആവര്‍ത്തിക്കുമെന്നാണ് അവര്‍ കരുതുന്നത്.
എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി സി കെ അബ്ദുല്‍ റഹീം മാസ്റ്ററും ഇരു മുന്നണികള്‍ക്കും ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. ഫാസിസ്റ്റ് ശക്തികളുടെ ജനവിരുദ്ധവും ന്യൂനപക്ഷ -പിന്നാക്കവിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയും അഴിമതിയും അക്രമവും കൂടപ്പിറപ്പായ ഇരു മുന്നണികളുടെയും സമീപനങ്ങള്‍ക്കെതിരെയും ജനപക്ഷ ബദല്‍ അവതരിപ്പിച്ച സഖ്യം പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. നാദാപുരത്ത് സമാധാനം കൊണ്ടുവരുന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ത്ഥതയില്ലെന്നും സി കെ റഹീം മാസ്റ്റര്‍ ജനങ്ങളോട് വിശദീകരിക്കുന്നുണ്ട്. വന്‍ സാമ്പത്തികച്ചെലവോടെയുള്ള ശക്തമായ പ്രചാരണമാണ് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തിയത്.
Next Story

RELATED STORIES

Share it