malappuram local

നാഥനില്ലാ കളരിയായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്



മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാതായിട്ട് മൂന്നു മാസം. മൂന്നു മാസമായി ഡെപ്യൂട്ടി ഡയറക്ടറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളും അധ്യപകരുമുള്ള ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിനാണ് ഈ ദുരവസ്ഥ. റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയും കലോല്‍സവവും പടിവാതില്‍ക്കലെത്തിയിട്ടും ഇതിന് നേതൃത്വം നല്‍കേണ്ടയാളുടെ അഭാവം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് അധ്യാപകര്‍ പറയുന്നു. റവന്യൂ ജില്ലാ മല്‍സരങ്ങള്‍ക്ക് യോഗം വിളിക്കേണ്ടതും അതിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കേണ്ടതും ജില്ലാ ഡെപ്യൂട്ടി ഡയറക്ടറാണ്. നിലവിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സഫറുല്ലയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കഴിഞ്ഞ ജൂലൈ 31നാണ് നിലവിലെ ഡിഡിയും ജില്ലക്കാരനുമായിരുന്ന സഫറുല്ലയെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം ഡിഡിയായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്. ഇദ്ദേഹത്തിനു പകരം കാസര്‍കോടുള്ള ഡിഒയെ മലപ്പുറത്തേക്ക് നിയമിക്കാനുള്ള ശ്രമമുണ്ടായിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്ന് മലപ്പുറം അഡിമിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കൃഷ്ണ കുമാരിക്ക് ഡിഡിയുടെ ചാര്‍ജ് നല്‍കുകയായിരുന്നു. എന്നാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ചെയ്യേണ്ട പലകാര്യങ്ങളും ചുമതലയുള്ളയാള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല. ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയഭേരിയടക്കമുള്ള പല പദ്ധതിയെല്ലാം ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഡിഡിയെ സ്ഥലം മാറ്റിയതിനു ശേഷം മൂന്നുതവണ സംസ്ഥാന ഡിപിസി മീറ്റിങ് ചേര്‍ന്നെങ്കിലും മലപ്പുറം ജില്ലയുടെ കാര്യത്തില്‍ തീരുമാനമായില്ല. മറ്റ് ജില്ലകളിലെ ഡിഡിഇമാര്‍ മലപ്പുറത്തേക്ക് വരാന്‍ തയ്യാറായിട്ടും അവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാന്നില്ലെന്നാണ് വലതുപക്ഷ അധ്യാപക സംഘനയുടെ ആരോപണം. ഇടതു അധ്യാപക സംഘടനയുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ക്ക് ഒത്താശ ചെയ്യാന്‍ തയ്യാറുള്ളവരെ കാത്ത് നിയമനം നീട്ടിക്കൊണ്ടുപോവുകയാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് 13 ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടര്‍ ഉയര്‍ന്നിരിക്കെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളുകളുമുള്ള മലപ്പുറത്ത് ഡിഡിയെ നിയമിക്കാത്തത് വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നേതൃത്വം നല്‍കേണ്ടത് ഡിഡിയാണ്. നിയമനങ്ങളും മറ്റും സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ഡിഡി ഇല്ലാത്തതിനാല്‍ മറ്റാര്‍ക്കും കഴിയുന്നില്ല. സര്‍ക്കാറിന്റെ അനാസ്ഥ വെടിയണമെന്നും ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പോസ്റ്റിലേക്ക് എത്രയും വേഗം ആളെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it