kasaragod local

നാട്യങ്ങളില്ലാതെ കുട്ടികള്‍ക്കൊപ്പം ഇന്ദ്രന്‍സ്

തൃക്കരിപ്പൂര്‍: വിണ്ണില്‍ നിന്ന് പറന്നിറങ്ങിയ താരമാകാതെ, ഞാനെന്ന ഭാവം തെല്ലുമില്ലാതെ കുട്ടികള്‍ക്കൊപ്പം ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ ഹാസ്യതാരം. കേരള ചലച്ചിത്ര അക്കാദമി ഇളമ്പച്ചി നവോദയ വായനശാല ആന്റ്് ഗ്രന്ഥാലയം, സൗത്ത്തൃക്കരിപ്പൂര്‍ ജിഎച്ച്എസ്എസ് പിടിഎ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികളുടെ ത്രിദിന ചലച്ചിത്ര ആസ്വാദന ക്യാംപ് ഉദ്ഘാടനം ചെയ്ത ശേഷം നടന്ന മുഖാമുഖം പരിപാടിയില്‍ കുട്ടികളുടെ ഗൗരവമുള്ളതും ഇല്ലാത്തതുമായ ചോദ്യങ്ങള്‍ക്ക് തമാശ രൂപേണ മറുപടി പറഞ്ഞും കുട്ടികളിലൊരാളായി ഇടപഴകിയും സമയം ചെലവഴിച്ചു.
സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്ത് തോന്നിയെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് നല്‍കിയ മറുപടി അവിടെയെത്തിയ നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും കുട്ടികളെയുമെല്ലാം ഏറെ ചിരിപ്പിക്കുന്നതായിരുന്നു. അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ തന്റെ ബോധം പോയെന്നും ഇപ്പോഴും നോര്‍മലായിട്ടില്ലെന്നും പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിലെ സാധാരണക്കാരനായ ഒരാളുടെ നിഷ്‌കളങ്കതയാണ് വെളിവായത്.
പ്രേംനസീര്‍, സത്യന്‍, ബഹദൂര്‍ തുടങ്ങി ഇന്നത്തെ മമ്മുട്ടി, മോഹന്‍ലാല്‍, നവ കാലത്തെ ചലച്ചിത്ര പ്രതിഭകളായ അജു വര്‍ഗീസ് തുടങ്ങിയവരെ വരെ ബഹുമാനിക്കുന്ന ഇന്ദ്രന്‍സ് തന്നെ താനാക്കിയ പ്രേക്ഷകരോടുള്ള കൂറ് ഒരിക്കല്‍ കുടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഓരോ വാക്കുകളും.
സംഘാടക സമിതി ചെയര്‍മാന്‍ കെ വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചൊക്ലി ക്യാംപ് വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌നേഹലത, മഹേഷ് പഞ്ചു, രാജീവ് കാനക്കീല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it