thrissur local

നാട്ടുരുചിക്കൂട്ടുമായി കുടുംബശ്രീയുടെ കഫേശ്രീ ഭക്ഷണശാല ഇന്നു തുറക്കും

ചാവക്കാട്: നാടന്‍ വിഭവങ്ങളുടെ കലവറയുമായി കുടുംബശ്രീയുടെ കഫേശ്രീ ഇന്ന് തുറക്കും. നഗരസഭ ഓഫിസിനടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന കഫേശ്രീ ഇന്ന് ഉച്ചക്ക് 2.30ന് മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ആദ്യത്തെ കഫേശ്രീയാണ് ഇത്. മായമില്ലാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കഫേശ്രീയുടെ ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ എ കെ സതീരത്‌നം, സി.ഇ.ഒ. എ.ഐ.എസ്.ആര്‍.എച്ച്.എം. എ പി അജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാടന്‍ ഭക്ഷണത്തിനായിരിക്കും കഫേശ്രീ മുന്‍ഗണന നല്‍കുക. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അടുക്കളയും ഉയര്‍ന്ന ശുചിത്വ നിലവാരമുള്ള ഉപകരണങ്ങളും കഫേശ്രീയില്‍ ഉണ്ടാകും. രാവിലെ എട്ട്് മുതല്‍ വൈകീട്ട് അഞ്ച്് വരെയായിരിക്കും പ്രവര്‍ത്തന സമയം. ക്രമേണ സമയം ദീര്‍ഘിപ്പിക്കും. ഞായറാഴ്ചയും കഫേശ്രീ തുറന്ന് പ്രവര്‍ത്തിക്കും.
വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിട്ട് നഗരസഭ നിര്‍മിച്ച കെട്ടിടത്തിലാണ് കഫേശ്രീ പ്രവര്‍ത്തിക്കുക.
കുടുംബശ്രീ മിഷന്‍ 25 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഇരുപതോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നേരിട്ടും 75 പേര്‍ക്ക് ഭാഗികമായും തൊഴില്‍ നല്‍കുന്നതാണ് കഫേശ്രീ. 15 വനിതകളേയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ക്ക് തൃശൂരിലെ പരിശീലന സ്ഥാപനമായ ഐഫ്രത്തില്‍ 15 ദിവസത്തെ തീവ്രപരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഇന്ധനചെലവ് ഗണ്യമായി കുറയ്ക്കുന്ന സ്റ്റീമര്‍ സംവിധാനവും മേശ, കസേര, ബില്ലിങ് സോഫ്റ്റ്‌വെയര്‍, സി.സി ടി.വി എന്നിവയും ഉണ്ടാകും.
അടുക്കള ചിട്ടപ്പെടുത്തല്‍, റസ്‌റ്റോറന്റ് ലേ ഔട്ട്, മെനു പ്ലാന്‍, ബ്രാന്‍ഡിങ് തുടങ്ങിയ കാര്യങ്ങളില്‍ പരിശീലന ഗ്രൂപ്പായ ഐഫ്രമാണ് സംരഭകരെ സഹായിച്ചത്. കെട്ടിടം പെയിന്റിങ്, പാത്രങ്ങള്‍, യൂണിഫോം, ഏപ്രന്‍, ക്യാപ്, സ്‌റ്റോറിലേക്കും ഓഫിസിലേക്കുമുള്ള സംവിധാനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗ്യാസ് കണക്ഷന്‍ എന്നിവ സംരഭകരുമാണ് ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it