നാട്ടുതനിമയുടെ നാടകാചാര്യന് കലാകേരളത്തിന്റെ യാത്രാമൊഴി

തിരുവനന്തപുരം: നൈസര്‍ഗിക ആശയങ്ങളും തനിമ ചോരാത്ത നാടന്‍ കലാവിഷ്‌കാരങ്ങളുംകൊണ്ട് മലയാള നാടകവേദിയുടെ രംഗപടം മാറ്റിയ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് കലാകേരളത്തിന്റെ യാത്രാമൊഴി. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്. ഇന്നലെ രാവിലെ വീടിനു സമീപത്തെ നാടകക്കളരിയായ 'സോപാന'ത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേശീയതലത്തില്‍ തന്നെ നാടക കലയെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ കാവാലത്തിന്റെ സംഭാവന അങ്ങേയറ്റം വിലപ്പെട്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കേരളത്തിന്റേയും ഇന്ത്യയുടെയും പൗരാണിക സംസ്‌കാരത്തേയും പാരമ്പര്യങ്ങളേയും പുതിയ തലമുറയില്‍ എത്തിക്കാന്‍ ശ്രമിച്ച കലാകാരനായിരുന്നു കാവാലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മൃതദേഹം ഇന്ന് രാവിലെ കാവാലത്തേക്ക് കൊണ്ടുപോവും. ഏഴു മുതല്‍ ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഇവിടെ കാവാലം കൃതികളുടെ പാരായണവും നാടകങ്ങളെ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനവുമുണ്ടാവും. ഉച്ചകഴിഞ്ഞ് 2.30ന് വിലാപയാത്രയായി പമ്പയാറ്റിന്‍തീരത്തെ അദ്ദേഹത്തിന്റെ സ്വവസതിയായ ശ്രീഹരിയിലേക്ക് കൊണ്ടുപോവും. 4.30ന് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും. പൂര്‍ണ സംസ്ഥാന ബഹുമതിയോടെയാണ് സംസ്‌കാരം. മൂത്തമകന്‍ ഹരികൃഷ്ണന്‍ അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്തുതന്നെയാണ് ചിതയൊരുക്കുക.
Next Story

RELATED STORIES

Share it