നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് തൂങ്ങിമരിച്ചു

പുത്തനത്താണി: തിരൂര്‍ കുറ്റിപ്പാലയില്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല പണിക്കര്‍ പടിയിലെ പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദ് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി സാജിദിനെ പണിക്കര്‍പടി മമ്മാലിപ്പടിയിലുള്ള ഒരു വീടിന്റെ പരിസരത്ത് കണ്ടെന്നാരോപിച്ച് വീട്ടുകാരും നാട്ടുകാരില്‍ ചിലരും പിടികൂടുകയും കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കല്‍പകഞ്ചേരി പോലിസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. തുടര്‍ന്ന് സേറ്റഷനിലെത്തിച്ച സാജിദിനെ ഇരു കൂട്ടര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഫോട്ടോകള്‍ ചിലര്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് സാജിദ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ റൂമിനുള്ളില്‍ തൂങ്ങിയനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടനെ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അക്രമിച്ചവരുടെ പേരുകളടങ്ങിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മകന്‍ തൂങ്ങിമരിച്ചിട്ടും കേസെടുക്കാനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ കല്‍പകഞ്ചേരി പോലിസ് തയ്യാറായില്ലെന്ന് പിതാവ് മുസ്തഫ ആരോപിച്ചു. പെയിന്റിങ് തൊഴിലാളിയായിരുന്നു. കല്‍പകഞ്ചേരി എസ്‌ഐ കെ ഷണ്‍മുഖന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 5 മണിയോടെ ക്ലാരി മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ മലപ്പുറം എസ്പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പരേതയായ മറിയുമ്മയാണ് മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷാഫി, റംല, ഫാത്തിമ സുഹറ, ഹഫ്‌സത്ത്, സാജിദ.





Next Story

RELATED STORIES

Share it