Alappuzha local

നാട്ടുകാരുടെ സ്വപ്‌നം പൂവണിയുന്നു മട്ടാഞ്ചേരി പാലം 12ന് തുറക്കും

ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന മട്ടാഞ്ചേരി പാലം ജനുവരി 12ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ഇത് സംബന്ധിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഉറപ്പ് നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന യാത്രക്കാര്‍ക്ക് പാലം യാഥാര്‍ഥ്യമാവുന്നത് ആശ്വാസമാവും. കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്ന മട്ടാഞ്ചേരി പാലം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് അധികാരമേറ്റയുടന്‍ തന്നെ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ സംഘം തിരുവനന്തപുരത്ത് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. പിറ്റേന്ന് തന്നെ കൂടുതല്‍ തുക അനുവദിക്കുകയും പാലത്തിന്റെ നിര്‍മാണം ദ്രുതഗതയില്‍ പുരോഗമിക്കുകയുമാണ്.
നിലവില്‍ രണ്ടരക്കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. സില്‍ക്കാണ് നിര്‍മാണം നടത്തുന്നത്. നഗരത്തിലെ ജനങ്ങള്‍ക്ക് പുതുവ്ല്‍സര സമ്മാനമായി പാലം തുറന്നു കൊടുക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് കെ സി വേണുഗോപാല്‍ എംപിയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എ എസ് കനാലിന്റെ ഇരുകരകളിലുമുളള റോഡ് നല്ലനിലയിലുളളതാണെങ്കിലും പാലമില്ലാത്തതിനാല്‍ ശവക്കോട്ടപ്പാലം വഴിയാണ് വാഹനങ്ങള്‍ കടന്നുപോയിരുന്നത്. ഇത് ദേശീയപാതയില്‍ ഏറെ ഗതാഗതക്കുരുക്കിന് കാരണമായി. എന്നാല്‍ മട്ടാഞ്ചേരി പാലം തുറക്കുന്നതോടെ ഇതിന് പരിഹാരമാവും.
Next Story

RELATED STORIES

Share it